വിജയ് മല്യക്ക് വായ്പ നല്‍കിയതിന്റെ രേഖകള്‍ ഇല്ലെന്ന് ധനമന്ത്രാലയം ; മറുപടി അവ്യക്തമെന്ന് വിവരാവകാശ കമ്മീഷന്‍

വിജയ് മല്യക്ക് വായ്പ നല്‍കിയതിന്റെ രേഖകള്‍ ഇല്ലെന്ന് ധനമന്ത്രാലയം ; മറുപടി അവ്യക്തമെന്ന് വിവരാവകാശ കമ്മീഷന്‍

ധനമന്ത്രാലയം നല്‍കിയ മറുപടി വിവരാവകാശ കമ്മീഷന്‍ തള്ളി. മറുപടി വ്യക്തമല്ലെന്നും, നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കമ്മീഷന്‍

ന്യൂഡല്‍ഹി : വിവാദ വ്യവസായി വിജയ് മല്യക്ക് വായ്പ നല്‍കിയതിന്റെ രേഖകള്‍ ഇല്ലെന്ന് ധനമന്ത്രാലയം. കേന്ദ്ര വിവരാനകാശ കമ്മീഷനാണ് ധനമന്ത്രാലയം ഈ മറുപടി നല്‍കിയത്. എന്നാല്‍ ഇത് വിവരാവകാശ കമ്മീഷന്‍ തള്ളി. മറുപടി വ്യക്തമല്ലെന്നും, നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

രാജീവ് കുമാര്‍ ഖരെ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വിജയ് മല്യയുടെ വായ്പയുമായി ബന്ധപ്പെട്ട രേഖകളൊന്നും മന്ത്രാലയത്തിന്റെ പക്കലില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് വിവരാവകാശ അപേക്ഷ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാഥൂര്‍ നിര്‍ദേശം നല്‍കി. 

ബാങ്കുകള്‍ വിജയ് മല്യയ്ക്ക് വായ്പ അനുവദിച്ചതിന്റെയോ, അതിന് മല്യ സമര്‍പ്പിച്ച ഗ്യാരണ്ടി സംബന്ധിച്ചോ ഉള്ള രേഖകളൊന്നും മന്ത്രാലയത്തിന്റെ പക്കലില്ല എന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. എന്നാല്‍ നേരത്തെ പാര്‍ലമെന്റില്‍ മല്യ വിഷയത്തില്‍ ധനമന്ത്രാലയം മറുപടി നല്‍കിയിട്ടുള്ളതാണ്. 

2017 മാര്‍ച്ച് 17 ന് കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്‌വാര്‍ നല്‍കിയ മറുപടിയില്‍, 2004 ല്‍ മല്യയ്ക്ക് ലോണ്‍ നല്‍കിയിരുന്നതായി വ്യക്തമാക്കി. 2008 ഫെബ്രുവരിയില്‍ അത് റിവ്യൂ ചെയ്തു. 8040 കോടിയുടെ വായ്പാതുക 2009 ല്‍ കിട്ടാക്കടമായി പ്രഖ്യാപിച്ചതായും കേന്ദ്രധനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മല്യയുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ലേലം ചെയ്ത് 155 കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയതായും സന്തോഷ് ഗാംഗ്‌വാര്‍ മാര്‍ച്ച് 21 ന് രാജ്യസഭയില്‍ വ്യക്തമായിട്ടുണ്ട്. 

എന്നാല്‍ മല്യയുടെ വായ്പ വിശദാംശങ്ങള്‍ തേടി രാജീവ്കുമാര്‍ ഖരെ കേന്ദ്രധനമന്ത്രാലയത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com