ത്രിപുരയെ ഇളക്കിമറിച്ച് മോദി; തെരഞ്ഞെടുപ്പ് റാലിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 04:35 PM  |  

Last Updated: 08th February 2018 04:50 PM  |   A+A-   |  

 

അഗര്‍ത്തല: ഇടതുപക്ഷത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കി ത്രിപുരയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി.റാലിയെ പതിനായിരങ്ങള്‍ ആവേശത്തോടെയാണ് വരവേറ്റത്. കൈലാഷഹറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി, സംസ്ഥാനം ഭരിക്കുന്ന മണിക് സര്‍ക്കാര്‍ ഗവണ്‍മെന്റിനെതിരെ പ്രസംഗത്തിലുടനീളം ആഞ്ഞടിച്ചു.

 

രത്‌നകല്ല് എന്ന അര്‍ത്ഥമുളള 'മണിക്' തെറ്റായി അണിയുന്നത് ഒഴിവാക്കേണ്ട സമയമായെന്ന് ത്രിപുര ജനതയോട് മോദി ആഹ്വാനം ചെയ്തു. പകരം വികസനത്തെ അവലംബമാക്കിയുളള ചുരുക്കെഴുത്തായ 'ഹിറ' യെ ഉള്‍ക്കൊളളാന്‍ ജനം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ ഹിറ മോഡലിലെ എച്ച് 'ഹൈവേയും' ഐ 'ഐ വേയും'( ഡിജിറ്റല്‍ കണക്ടിവിറ്റി) ആര്‍ 'റോഡ് വേയും' എ 'എയര്‍വേയും' പ്രതിനിധാനം ചെയ്യുന്നു എന്ന് മോദി പറഞ്ഞു.

ജീവിതത്തില്‍ ഭാഗ്യം തേടി ചിലര്‍ തെറ്റായ രത്‌നക്കല്ലുകള്‍ അണിയുകയാണ്. തെറ്റായ രത്‌നം അണിയുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പകരം വികസന വഴിയിലേക്ക് നീങ്ങാന്‍ മോദി പറഞ്ഞു.ഫെബ്രുവരി 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയുടെ വികസനത്തിന് മൂന്ന് ഇന പദ്ധതിയും മോദി അവതരിപ്പിച്ചു. വ്യാപാരം, ടൂറിസം, യുവാക്കള്‍ക്ക് വിദഗ്ധ പരിശീലനം എന്നിവയിലുടെ ത്രിപുരയെ മാറ്റിമറയ്ക്കാനാകുമെന്നും മോദി പറഞ്ഞു.

നേരത്തെ സോനാമുറയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍  മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള സിപിഎം ഗവണ്‍മെന്റ് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. 

ഭരണപാര്‍ട്ടിയായ സിപിഎം അവരുടെ അഴിമതി വെള്ള കുര്‍ത്ത കാട്ടി മറയ്ക്കുകയാണ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് ജനങ്ങള്‍ക്ക് മിനിമം വേദനം ലഭിക്കുന്നില്ലെന്ന് ചോദിച്ച മോദി, 25 വര്‍ഷം ഭരിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനം മുടിച്ചെന്നും ആരോപിച്ചു.
 

TAGS
BJP modi