മോദിയോട് ഏറ്റുമുട്ടാന്‍ രാഹുലിന് മാത്രമേ കഴിയൂ; 2019ല്‍  ബിജെപിയെ കോണ്‍ഗ്രസ് അധികാരഭ്രഷ്ടരാക്കും: സച്ചിന്‍ പൈലറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 09:26 PM  |  

Last Updated: 08th February 2018 09:26 PM  |   A+A-   |  

 

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയുകയുളളുവെന്ന് കോണ്‍ഗ്രസിന്റെ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ്  സച്ചിന്‍ പൈലറ്റ്. 2019ല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും സച്ചിന്‍ പൈലറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി സമ്മര്‍ദശക്തിയായി നിലകൊണ്ട് ഉത്തരവാദിത്വം നിറവേറ്റുകയാണെന്ന് സച്ചിന്‍ പൈലറ്റ് ഓര്‍മ്മിപ്പിച്ചു.

ബിജെപി നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടികാണിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നുണ്ട്. ഇത് പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പിനുളള കളമൊരുക്കുന്നുന്നതായും സച്ചിന്‍ പൈലറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുടെ നിരന്തരമായുളള ചോദ്യങ്ങള്‍ മോദി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. ഡേറ്റകളുടെയും വാഗ്ദാനങ്ങളുടെയും ചുവടുപിടിച്ചാണ് രാഹുല്‍ ഗാന്ധി ഓരോ ചോദ്യവും ഉന്നയിക്കുന്നത്. ഇത് ബിജെപി നേതൃത്വത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.