മോദി ഇന്നെത്തും; ത്രിപുരയില്‍ താമര വിരിയുമെന്ന് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 08th February 2018 09:59 AM  |  

Last Updated: 08th February 2018 09:59 AM  |   A+A-   |  

 

അഗര്‍ത്തല: തെരഞ്ഞടുപ്പില്‍ ത്രിപുര സിപിഎം മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് ഇന്ന് തുടക്കം. മോദിയുടെ പ്രചാരണത്തിന് എത്തുന്നതോടെ പാര്‍ട്ടിയുടെ ശക്തി വര്‍ധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
സിപാഹിജാല ജില്ലയിലെ സോനാമുറയിലും ഉനാകോട്ടി ജില്ലയിലെ കൈലാശഹറിലുമാണ് മോദിയുടെ പ്രചാരണപരിപാടികള്‍.
 
കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.  പ്രധാനമന്ത്രിയായതിന് ശേഷം ത്രിപുരയില്‍ ഇത് ആദ്യമായാണ് മോദി ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിപാടിയില്‍ ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന നേതൃത്വം പറയുന്നത്. 
.
ത്രിപുരയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം വച്ച ശക്തമായ പ്രചാരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ നേരത്തെ തന്നെ സംസ്ഥാനത്ത് എത്തി കര്‍മ്മപരിപാടികള്‍ സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കേരളം പിടിക്കാനുള്ള റിഹേഴ്‌സല്‍ കൂടിയായിട്ടാണ് ത്രിപുര തിരഞ്ഞെടുപ്പിനെ ബി.ജെ.പി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടു ശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പി ഒരു ദിവസം നേരം വെളുത്തപ്പോള്‍ പ്രധാന പ്രതിപക്ഷമായി മാറിയത് വരാന്‍ പോവുന്ന രാഷ്ട്രീയ നീക്കത്തിന്റെ ചുവട് വയ്പ്പ് കൂടിയായാണ് നിരീക്ഷകര്‍ കാണുന്നത്. കൂറുമാറ്റവും നിയമസഭാംഗങ്ങളെ വിലയ്‌ക്കെടുത്തുമായിരുന്നു ബി.ജെ.പിയുടെ പുതിയ കരുനീക്കം.

രാജ്യത്ത് നിലവിലുള്ള രണ്ട് കമ്മ്യൂണിസ്റ്റ് തകര്‍ക്കാന്‍ കടുത്ത ശ്രമം ബി.ജെ.പി നടത്തുമ്പോള്‍ ഈ പ്രവര്‍ത്തനം കൊണ്ടൊന്നും തങ്ങളെ ഇല്ലാതാക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ലെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. സാധാരണക്കാരനായി സൈക്കിള്‍ യാത്രയും റിക്ഷാ യാത്രയുമായി രാജ്യത്തെ ഏറ്റവും ലളിത ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയായി മണിക് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നടക്കുന്നുവെന്നതാണ് സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തി. മാണിക് സര്‍ക്കാരിനെ പോലെ ലളിത ജീവിതം നയിക്കുന്ന നിരവധി നേതാക്കാള്‍ സംസ്ഥാനത്ത് ഉണ്ട്. മാണിക് സര്‍ക്കാരിന്റെ നേതൃത്വലുള്ള ഭരണമുന്നേറ്റങ്ങളും സി.പി.എമ്മിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.