വരുമാനക്കണക്ക് സമര്‍പ്പിക്കാതെ ഒളിച്ചുകളി തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 12:39 PM  |  

Last Updated: 08th February 2018 12:39 PM  |   A+A-   |  

 

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷന് വരുമാനക്കണക്ക് നല്‍കാതെ ഒളിച്ചുകളി തുടര്‍ന്ന് രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും. കണക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികളും അലംഭാവം തുടരുകയാണ്. ഫെബ്രുവരി ഏഴുവരെ ബിജെപിയും കോണ്‍ഗ്രസും കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കി. 

2016-17 സാമ്പത്തിക വര്‍ഷത്തെ വരുമാനം, വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത് 2017 ഒക്ടോബര്‍ 30 നാണ്. രാജ്യത്തെ അഞ്ച് പ്രമുഖ പാര്‍ട്ടികളായ സിപിഎം, സിപിഐ, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നിവരാണ് ഇതുവരെ വരുമാന കണക്ക് സമര്‍പ്പിച്ചത്. ഇതില്‍ സിപിഎം, ബിഎസ്പി, തൃണമൂല്‍ എന്നിവര്‍ നിശ്ചിത സമയത്ത് തന്നെ കണക്ക് ബോധിപ്പിച്ചപ്പോള്‍, സിപിഐയും എന്‍സിപിയും 22 ദിവസം വൈകിയാണ് കണക്കുകള്‍ സമര്‍പ്പിച്ചത്.  

സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം അഞ്ച് പാര്‍ട്ടികളുടെയും കൂടി ആകെ വരുമാനം 300 കോടിയാണ്. അഞ്ചുപാര്‍ട്ടികള്‍ക്കുമായി 
ഗ്രാന്റ്, സംഭാവന തുടങ്ങിയ വകയില്‍ 121 കോടിയോളം ഈ സാമ്പത്തിക വര്‍ഷം ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളം വരും ഇത്. 

173.58 കോടിയുടെ ആസ്തിയുമായി ബിഎസ്പിയാണ് മുന്നില്‍. വരുമാനത്തിന്റെ 30 ശതമാനം (51.83 കോടി ) ചെലവാക്കിയതായും കണക്കുകളില്‍ വ്യക്തമാക്കുന്നു. സിപിഎമ്മാണ് തൊട്ടുപിന്നില്‍. 100.26 കോടിയാണ് സിപിഎമ്മിന്റെ വരുമാനമായി കാണിച്ചിട്ടുള്ളത്. എന്‍സിപിക്ക് 17 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് ആറ് കോടിയുമാണ് വരുമാനം. രണ്ടുകോടിയാണ് സിപിഐയുടെ വരുമാനം. 

ഇതാദ്യമായല്ല വരുമാനക്കണക്ക് സമര്‍പ്പിക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും വീഴ്ച വരുത്തുന്നത്. 2015-16 സാമ്പത്തിക വര്‍ഷം പാര്‍ട്ടികള്‍ 209 ഉം, 252 ഉം ദിവസം വൈകിയാണ് കണക്കുകള്‍ സമര്‍പ്പിച്ചത്. 2014-15 വര്‍ഷമാകട്ടെ കണക്കുകള്‍ സമര്‍പ്പിച്ചത് 133 ഉം, 153 ഉം ദിവസം വൈകിയാണ്.