മോദി അച്ചടക്കവും അന്തസും പാലിക്കണം;  പാര്‍ലമെന്റിനെ വിഷം തുപ്പാനുള്ള വേദിയാക്കി മാറ്റിയെന്ന് സിപിഐ

പാര്‍ലമെന്റിനെ വിഷം തുപ്പാനുള്ള വേദിയാക്കി മാറ്റിയ മോദി അര്‍ദ്ധസത്യങ്ങളാണ് പറയുന്നത്
മോദി അച്ചടക്കവും അന്തസും പാലിക്കണം;  പാര്‍ലമെന്റിനെ വിഷം തുപ്പാനുള്ള വേദിയാക്കി മാറ്റിയെന്ന് സിപിഐ

ന്യൂഡല്‍ഹി: പ്രതിപക്ഷത്തേയും നെഹ്‌റു കുടുംബത്തെയും അപമാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ സിപിഐ. ലോക്‌സഭയില്‍ മോദി നടത്തിയത് സ്ഥിരം തെരഞ്ഞെടുപ്പ് പ്രസംഗമാണ് എന്ന് സിപിഐ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. സ്ഥിരം ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസംഗത്തിന് അപ്പുറത്തേക്ക് പ്രധാനമന്ത്രിയുടെ നിലവാരത്തില്‍ സംസാരിക്കാന്‍ മോദിക്ക് കഴിയുന്നില്ലെന്ന് സിപിഐ കുറ്റപ്പെടുത്തി. മോദി ബിജെപി നേതാവ് മാത്രമല്ലെന്നും ഭരണഘടന പദവി വഹിക്കുന്ന പ്രധാനമന്ത്രികൂടിയാണെന്നും അതിന്റെ അച്ചടക്കവും അന്തസും പാലിക്കണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു. 

പാര്‍ലമെന്റിനെ വിഷം തുപ്പാനുള്ള വേദിയാക്കി മാറ്റിയ മോദി അര്‍ദ്ധസത്യങ്ങളാണ് പറയുന്നത്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനായി നിലപാട് സ്വീകരിച്ച ബിജെപിയും മോദിയും ഇപ്പോള്‍ വിപരീത നിലപാടാണ് സ്വീകരുക്കുന്നത്. ആന്ധ്രയേയും ഇന്ത്യയേയും വിഭജിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ് ഇപ്പോള്‍ മോദി പറയുന്നത് എന്നും സുധാകര്‍ റെഡ്ഢി കൂട്ടിച്ചേര്‍ത്തു. 

രാജ്യം മുഴുവന്‍ ഗോസംരക്ഷകരുടെ അക്രമണമാണ.് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നിരന്തരം ആക്രമണം നടക്കുന്നു. രാജ്യത്തിന്റെ സംസ്‌കാരം തന്നെ നശിപ്പിക്കപ്പെടുന്നു. തൊഴിലില്ലായ്മ യുവാക്കളെ അസ്വസ്ഥരാക്കുന്നു. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഇതിനെക്കുറിച്ചും സംസാരിക്കാതെ ബിജെപി നേതാവായാണ് മോദി സംസാരിച്ചതെന്നും റെഡ്ഢി കുറ്റപ്പെടുത്തി. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയത്. ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ റാഫേല്‍ ഇടപാടിനെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ മോദി പരാമര്‍ശിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com