അമിത് ഷായെ വരവേല്‍ക്കാന്‍ ഒരു ലക്ഷം ബൈക്കുകളുമായി ബിജെപി; തടയാന്‍ അരലക്ഷം ട്രാക്റ്ററുമായി ജാട്ടുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2018 06:06 PM  |  

Last Updated: 09th February 2018 06:06 PM  |   A+A-   |  

 

ഹരിയാന: 2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ മുന്നോടിയായി ഹരിയാനയിലെ പ്രചാരാണത്തിനെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വരവേല്‍ക്കുക ഒരു ലക്ഷം ബൈക്കുകള്‍. ഫെബ്രുവരി 15ന് ജിന്‍ഡിലെത്തുന്ന അമിത് ഷായുടെ റാലി തടയുമെന്ന ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജാട്ട് വിഭാഗം. അമിത് ഷായുടെ റാലിയെ ട്രാക്റ്റര്‍ ഉപയോഗിച്ച് തടയുമെന്നാണ് ഭീഷണി. ഇതിനായി അരലക്ഷം ട്രാക്റ്ററുകള്‍ റാലി നടക്കുന്ന നഗരത്തില്‍ വിന്യസിക്കുമെന്നും ജാട്ട് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹരിയാനയിലെ റാലിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 13നുള്ളില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിശദികരണം നല്‍കണമെന്നും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

ലക്ഷം ബൈക്കുകളെ അണിനിരത്തിയുള്ള റാലി വലിയ പരിസ്ഥിതി പ്രത്യാഖ്യാതത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിക്ടര്‍ ദിസയാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ലക്ഷം ബൈക്കുകള്‍ ഉപയോഗിക്കുന്നതിന് പകരം പരിസ്ഥിതി സൗഹൃദമായ സൈക്കിളുകളോ മറ്റുരീതികളോ അവലംബിക്കണമെന്നും പരാതിക്കാരന്‍ പറയുന്നു.

റാലിക്കായി എത്തുന്ന അമിത്ഷായ്ക്ക് വന്‍ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ജാട്ട് വിഭാഗത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അതീവ  സുരക്ഷയൊരുക്കിയിരിക്കുന്നത്. കേന്ദ്രസേനയുടെ 150 ബറ്റലിയനുകളെയാണ് നിയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അമിത്ഷായുടെ റാലി തടയുമെന്ന് ജാട്ട് വിഭാഗം ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത്ഷായുടെ റാലിക്ക് വലിയ സുരക്ഷയൊരുക്കുന്നതെന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ അവകാശവാദം