ത്രിപുരയില്‍ സിപിഎമ്മിനെ ബിജെപി തറപറ്റിക്കും; മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറും: സംസ്ഥാന പ്രസിഡന്റ് 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 09th February 2018 09:55 AM  |  

Last Updated: 09th February 2018 09:55 AM  |   A+A-   |  

 

അഗര്‍ത്തല:  ആസന്നമായ ത്രിപുര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന്് ബിജെപി സംസ്ഥാന പ്രസിഡന്റ് സുനില്‍ ദിയോദര്‍. ഗോത്രവിഭാഗ പാര്‍ട്ടിയായ ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായുളള സഖ്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ഇത് 60 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ സഹായകമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് റാലികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയാകുന്നതോടെ, സീറ്റുനിലയില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ മോദിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സുനില്‍ ദിയോദറാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനെക്കാള്‍ പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെ പരാജയപ്പെടുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇടതുപക്ഷ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ കഴിഞ്ഞ 20 വര്‍ഷമായി സംസ്ഥാനം ഭരിക്കുകയാണ്. തുടര്‍ച്ചയായി ഭരിക്കുന്ന അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുവിഹിതം 1.54 ശതമാനം മാത്രമാണ്. ഇതുവരെ ശക്തമായ പ്രതിപക്ഷത്തെ അഭിമുഖീകരിക്കാതെയായിരുന്നു സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

ഫെബ്രുവരി 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്.
 

TAGS
cpm bjp