സെക്‌സ് ചാറ്റിംഗിനിടെ നിര്‍ണായക വിവരങ്ങള്‍ കൈമാറി ; പെണ്‍കെണിയില്‍ കുരുങ്ങിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2018 11:36 AM  |  

Last Updated: 09th February 2018 11:38 AM  |   A+A-   |  

 

ന്യൂഡല്‍ഹി : പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റുമായി സെക്‌സ് ചാറ്റിംഗിനിടെ, തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വഹയാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു അരുണ്‍ മര്‍വഹ നിര്‍ണായക വിവരങ്ങള്‍ ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയത്. 

വ്യോമസേന ആസ്ഥാനത്ത് പാര ഓപ്പറേഷന്‍സ് ഡയറക്ടററെന്ന സുപ്രധാന പദവിയിലിരിക്കുന്ന അരുണ്‍ ഡിസംബര്‍ മാസത്തിലാണ് ഐഎസ്‌ഐയുടെ പെണ്‍കെണിയില്‍ കുരുങ്ങുന്നത്. ഫേസ്ബുക്കില്‍ "കിരണ്‍ രണ്‍ധാവ", "മഹിമ പട്ടേല്‍" എന്നീ വ്യാജ അക്കൗണ്ടുകള്‍ വഴി ഐഎസ്‌ഐ ഏജന്റുമാര്‍ മോഡലുകളെന്ന വ്യാജേന അരുണുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. 'പെണ്‍സുഹൃത്ത്' നല്‍കിയ സിംകാര്‍ഡ് ഉപയോഗിച്ച് വാട്‌സ് ആപ്പിലൂടെ വ്യോമസേനയുടെ സുപ്രധാന ചിത്രങ്ങളും വിവരങ്ങളും കൈമാറിയെന്ന് സേന നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മൊബൈല്‍ഫോണിന് വിലക്കുള്ള വ്യോമസേന ആസ്ഥാനത്ത് അരുണ്‍ സ്മാര്‍ട്ട്‌ഫോണുമായി എത്തിയത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അരുണിനെ വ്യോമസേന ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് അരുണ്‍ മര്‍വാഹയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായുള്ള ചാറ്റിംഗും സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. 

ഡിസംബര്‍ 31 ന് ചോദ്യം ചെയ്യാനായി വ്യോമസേന ഇന്റലിജന്‍സ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അരുണിന്റെ സ്മാര്‍ട്ട്‌ഫോണും സേന കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിലും അന്വേഷണത്തിലും അരുണ്‍ കുറ്റം ചെയ്തതായി വ്യോമസേന ഇന്റലിജന്‍സ് കണ്ടെത്തി. തുടര്‍ന്ന് ഫെബ്രുവരി ഏഴിന് അരുണ്‍ മര്‍വാഹയെ ന്യൂഡല്‍ഹിയിലെ ലോധി കോളനി പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ അരുണിനെ അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

സെക്‌സ് ചാറ്റിംഗിനിടെയാണ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹ സുപ്രധാന വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ പണമിടപാട് നടത്തിയതിന്റെ രേഖകളൊന്നും കണ്ടെടുക്കാനായിട്ടില്ല. ഇന്ത്യയുടെ സൈബര്‍, സ്‌പേസ്, സ്‌പെഷല്‍ ഓപ്പറേഷന്‍സ് രഹസ്യങ്ങളാണ് അരുണ്‍ ചോര്‍ത്തി നല്‍കിയതെന്നാണ് വിവരം. ഔദ്യോഗിക രഹസ്യനിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.