ത്രിപുര തെരഞ്ഞെടുപ്പ്: ബിജെപി വ്യാപകമായി അഴിമതി നടത്തുന്നുവെന്ന പരാതിയുമായി സിപിഎം

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി അഴിമതി നടത്തുകയാണെന്ന് സിപിഎമ്മിന്റെ പരാതി
ത്രിപുര തെരഞ്ഞെടുപ്പ്: ബിജെപി വ്യാപകമായി അഴിമതി നടത്തുന്നുവെന്ന പരാതിയുമായി സിപിഎം

ന്യൂഡല്‍ഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി അഴിമതി നടത്തുകയാണെന്ന് സിപിഎമ്മിന്റെ പരാതി. ഇക്കാര്യം ചൂണ്ടികാട്ടി  സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ത്രിപുരക്കാര്‍ തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചാല്‍ സൗജന്യ തീവണ്ടിയാത്ര ഏര്‍പ്പെടുത്താമെന്നും അത് പ്രധാനമന്ത്രിയുടെ സമ്മാനമാണെന്നുമാണ് ബിജെപി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്.

ഇത് ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്രസെക്രട്ടറിയേറ്റംഗം നീലോല്‍പല്‍ബസു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്തുമായി കൂടിക്കാഴ്ച നടത്തി.
പെരുമാറ്റച്ചട്ടം നഗ്നമായി ലംഘിച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നാണ് സിപിഎമ്മിന്റെ  പരാതി. 

പുറത്തുനിന്നുളള ഒട്ടേറെപ്പേര്‍ ത്രിപുരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരില്‍ പലരും ഔദ്യോഗിക സര്‍ക്കാര്‍ താമസവും ഉപയോഗപ്പെടുത്തുന്നു. ത്രിപുരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ശ്രമം തടയാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ അടിയന്തരമായി ഇടപെടണം. ഇടതുവിരുദ്ധരായ മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് ആകാശവാണി, ദൂരദര്‍ശന്‍ എന്നി ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സിപിഎം പരാതിയില്‍ ഉന്നയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com