മോദിയുടെ റാലിക്ക് വാഹനങ്ങള്‍ വിട്ടുനല്‍കിയില്ല; സിപിഎം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്ക് നേരെയും ബിജെപി ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2018 03:36 PM  |  

Last Updated: 09th February 2018 03:36 PM  |   A+A-   |  

 

അഗര്‍ത്തല: ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും ഓഫീസുകള്‍ക്ക് നേരെയും ആക്രമം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ തെരെഞ്ഞെടുപ്പ് റാലിക്കായി വാഹനങ്ങള്‍ നല്‍കിയില്ലെന്ന ആരോപണമുന്നയിച്ചായിരുന്നു ആക്രമണം.

ബിജെപി ആക്രമണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ രംഗത്തെത്തി. വാഹനങ്ങള്‍ ലഭിക്കാത്തതിനുകാരണം സിഐടിയുവാണെന്ന ബിജെപിയുടെ ആരോപണം അസംബന്ധമാണ്. വാഹനങ്ങള്‍ വിട്ടുനല്‍കുന്നത് വാഹന!യുടമകളാണ്, തൊഴിലാളികളല്ല. ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി നീക്കമെന്നും. ബിജെപി ഒരു സീറ്റിലെങ്കിലും വിജ!യിച്ചാല്‍ എന്തായിരിക്കും സ്ഥിതിയെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാരെ രാജ്യത്തുനിന്ന് തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് സോണാമൂരയിലെ റാലി!യില്‍ മോഡി പറഞ്ഞു. തൊഴിലാളികള്‍ എവിടെ കൂലിവര്‍ധനയ്ക്കുവേണ്ടി ആവശ്യമുന്നയിച്ചാലും പിന്തുണച്ച് സമരം നയിക്കാന്‍ കമ്യൂണിസ്റ്റുകാരെത്തും. ഇതുകാരണം നഷ്ടമാകുന്നത് രാജ്യത്തിന്റെ വികസനമാണ്. ഇതിനു തടയിടാന്‍ കമ്യൂണിസ്റ്റുകാരെ തടയേണ്ടത് അത്യാവശ്യമാണെന്നും മോഡി പറഞ്ഞു.

കേരളത്തിലും ത്രിപുരയിലും വികസനമുണ്ടാകാത്തത് പണം മൊത്തം വേതന വര്‍ധനയ്ക്കും അതുപോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നതിനാലാണ്. ഇവര്‍ സമരം ചെയ്തതുമൂലം രാജ്യത്ത് നിരവധി ഫാക്ടറികളാണ് പൂട്ടേണ്ടിവന്നത്. ഇത്തരം നടപടികള്‍ ഇനി അനുവദിക്കാനാകില്ലെന്നും മോഡി പറഞ്ഞു. ദക്ഷിണ പശ്ചിമ ത്രിപുരയിലെ 30 മണ്ഡലം കേന്ദ്രീകരിച്ചാണ് മോഡിയുടെ യോഗം സംഘടിപ്പിച്ചത്. ഉത്തരത്രിപുരയിലെ കൈലാശ്പുരിലും റാലിനടന്നു. പ്രചാരണത്തിന്റെ സമാപനദിവസം 15ന് അഗര്‍ത്തലയില്‍ ബിജെപി റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.