വോളിബോള്‍ കളിക്കാര്‍ക്കുവേണ്ടി സ്‌കൂളിനെ ലോഡ്ജാക്കി; വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ടെറസില്‍ ഇരുന്ന്

ബിജെപി നേതാവ് സുനില്‍ നായകിന്റെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും ടൂര്‍ണമെന്റ് സംഘടിപ്പിക്കാറുണ്ട്
വോളിബോള്‍ കളിക്കാര്‍ക്കുവേണ്ടി സ്‌കൂളിനെ ലോഡ്ജാക്കി; വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ടെറസില്‍ ഇരുന്ന്

വോളിബോള്‍ ടൂര്‍ണമെന്റിന് വേണ്ടി ക്ലാസ് മുറികളെ ലോഡ്ജാക്കിയതോടെ കുട്ടികളെ സ്‌കൂളിന്റെ ടെറസ്സില്‍ ഇരുത്തി പരീക്ഷ എഴുതിച്ച് സ്‌കൂള്‍ അധികൃതര്‍. ക്ലാസ് മുറികള്‍ ഒഴിവില്ലാത്തതിനാല്‍ ഒന്‍പതിലും പതിനൊന്നിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കൂളിന്റെ മേല്‍ക്കൂരയില്‍ വന്നിരുന്ന് പരീക്ഷ എഴുതേണ്ടിവന്നത്. മധ്യപ്രദേശില തികംഗര്‍ ജില്ലയിലെ ഒഹന്‍ഗാര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു സംഭവം. 

വോളിബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് താമസിക്കുന്നതിനായി  ക്ലാസ് മുറികള്‍ ഒഴിപ്പിച്ചതോടെയാണ് കുട്ടികള്‍ പെരുവഴിയിലായത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സുനില്‍ നായക് മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റിന് ഫെബ്രുവരി ആറിനാണ് തുടക്കമായത്. മത്സരവും കുട്ടികളുടെ പരീക്ഷ ടൈംടേബിളും ഒന്നിച്ചുവന്നതാണ് പ്രശ്‌നത്തിന് കാരണമായത്. ഫെബ്രുവരി രണ്ട് മുതല്‍ 26 വരെയാണ് കുട്ടികളുടെ പരീക്ഷ നടക്കുന്നത്. 

ബിജെപി നേതാവ് സുനില്‍ നായകിന്റെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും ടൂര്‍ണമെന്റ് സംഘടിപ്പിക്കാറുണ്ട്. ടൂര്‍ണമെന്റിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇതിന് മുന്‍പും വിദ്യാര്‍ത്ഥികളും അധ്യാപകരും പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ഇത് കണക്കിലെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക ബിജെപി നേതാവിന് പരിപാടിയിലുള്ള താല്‍പ്പര്യം കണക്കാക്കിയാണ് പരാതിയില്‍ പരിഹാരം കാണാതിരുന്നത്. 

ഇതിന്റെ ഭാഗമായുള്ള നൃത്ത സംഗീത പരിപാടികള്‍ നടക്കുന്നതും സ്‌കൂള്‍ ഗ്രൗണ്ടിലാണ്. ഇതിനിടയില്‍ ഇരുന്നാണ് കുട്ടികള്‍ പരീക്ഷ എഴുതുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ടൂര്‍ണമെന്റിനെക്കുറിച്ചോ കുട്ടികള്‍ ടെറസില്‍ ഇരുന്ന് പരീക്ഷ എഴുതിയതിനെക്കുറിച്ചോ അറിയില്ലെന്നാണ് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com