അദാനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2018 11:08 AM  |  

Last Updated: 10th February 2018 11:08 AM  |   A+A-   |  

 

ന്യൂഡൽഹി : ഓസ്‌ട്രേലിയയിൽ അദാനിഗ്രൂപ്പ് നടത്തിയ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്ക് കേന്ദ്രസർക്കാർ വിസ നിഷേധിച്ചു. ഇന്ത്യൻ വംശജയായ അമൃത സ്ലീ അടക്കമുള്ളവർക്കാണ് കേന്ദ്രം ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ചത്. സിഡ്‌നിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ കഴിഞ്ഞ നവംബറിലാണ് ഇവർ വിസയ്ക്കായി അപേക്ഷിച്ചത്. 

ജനുവരി വരെ കാത്തിരിക്കാൻ അധികൃതർ നിർദേശിച്ചു. എന്നാൽ സമയപരിധി അവസാനിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. നിരവധി തവണ അന്വേഷിച്ചു. ഇമെയിലും അയച്ചു. ഡൽഹിയിൽ വിളിച്ച് അന്വേഷിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അമൃത സ്ലീ പറഞ്ഞു. അദാനിക്കെതിരായ വാർത്തകളാണ് വിസ നിഷേധിക്കാൻ കാരണമായതെന്ന് അമൃത സ്ലീ ആരോപിച്ചു.

അദാനിഗ്രൂപ്പിന്റെ കൽക്കരിപ്പാടങ്ങളെക്കുറിച്ച് കഴിഞ്ഞവർഷം എബിസി ന്യൂസ് പുറത്തുവിട്ട വാർത്തയാണ് വിസ നിഷേധത്തിനുള്ള കാരണമെന്ന് ഓസ്‌ട്രേലിയൻ അധികൃതർ സൂചിപ്പിച്ചതായി അമൃത സ്ലീ പറഞ്ഞു. ''മഹാന്മാരായ നേതാക്കൾ സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെന്ന എന്റെ പ്രതീക്ഷ തെറ്റി. എന്റെ വിശ്വാസം ശരിയല്ലെന്ന് ഇന്ത്യയിലെ സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. കടുപ്പമേറിയ സത്യം എനിക്ക് ഇപ്പോൾ നേരിട്ട് ബോധ്യമായിരിക്കുന്നു'' അമൃത സ്ലീ പറഞ്ഞു. 

ഓസ്‌ട്രേലിയൻ വിദേശവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓസ്‌ട്രേലിയ ഇന്ത്യ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് അമൃത സ്ലീയും സഹപ്രവർത്തകരും ഇന്ത്യയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പദ്ധതിയിട്ടത്. ഇന്ത്യയിലെ പ്രമുഖരുമായും സാധാരണക്കാരുമായി സംസാരിച്ച് റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ലക്ഷ്യം. 

അതേസമയം, എബിസി ന്യൂസിലെ മാധ്യമപ്രവർത്തകർ ഈയിടെ വിസാ നിയമങ്ങൾ ലംഘിച്ച സാഹചര്യത്തിലാണ് അമൃത സ്ലീയുടെയും കൂട്ടരുടെയും അപേക്ഷ തള്ളിയതെന്നാണ് സിഡ്‌നിയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ വിശദീകരണം. അദാനിഗ്രൂപ്പ് ഓസ്‌ട്രേലിയയിൽ ഏറ്റെടുത്ത കൽക്കരിപ്പാടം ഉൾപ്പെടെയുള്ള സംരംഭങ്ങൾ, അദാനി കുടുബാംഗങ്ങൾ ഉൾപ്പെട്ട 'അതുല്യ റിസോഴ്‌സസ്' എന്ന കമ്പനിയുടെ പേരിലാണെന്ന് എബിസി ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. 

എന്നാൽ, അദാനിഗ്രൂപ്പ് ഓസ്‌ട്രേലിയൻ ആദായനികുതിവകുപ്പിനു നൽകിയ റിട്ടേണിൽ അതുല്യയെക്കുറിച്ച് പരാമർശിക്കുന്നില്ല. കള്ളപ്പണം വിദേശത്തേക്ക് കടത്തിയ കേസിൽ ഇന്ത്യ അന്വേഷിക്കുന്ന വിനോദ് അദാനിയാണ് അതുല്യയുടെ ചെയർമാൻ. അദാനിഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ്. കള്ളപ്പണനിക്ഷേപകേന്ദ്രമായ ബ്രിട്ടീഷ് വെർജിൻ ഐലൻഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് അതുല്യ റിസോഴ്‌സസിനു പിന്നിലെന്ന വിവരവും എബിസി പുറത്തുവിട്ടിരുന്നു. നരേന്ദ്രമോദിയുമായി അദാനി​ഗ്രൂപ്പിന് വലിയ ബന്ധമാണ് ഉണ്ടായിരുന്നത്. മോദി പ്രധാനമന്ത്രിയായതോടെയാണ് അദാനി ​ഗ്രൂപ്പ് അഭൂതപൂർവമായ വളർച്ച കൈവരിച്ചത്.