"ഔറംഗസേബ് ഭീകരന്‍" ; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2018 09:06 AM  |  

Last Updated: 10th February 2018 09:06 AM  |   A+A-   |  

 

ന്യൂഡല്‍ഹി : മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് ഭീകരനാണെന്ന് ബിജെപി എംപി. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി മഹേഷ് ഗിരിയുടേതാണ് വിവാദ പ്രസ്താവന. ക്രൂരനായ ഭരണാധികാരിയായിരുന്നു ഔറംഗസേബ്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും മഹേഷ് ഗിരി അഭിപ്രായപ്പെട്ടു. 

ഔറംഗസേബിന്റെ സഹോദരനായ ദാരാ ഷുകോഹിനെക്കുറിച്ച്, ദാരാ ഷുക്കോഹ്, ദ ഫോര്‍ഗോട്ടന്‍ പ്രിന്‍സ് ഓഫ് ഇസ്ലാം ( ദാരാ ഷുകോഹ് : ഇസ്ലാമിലെ വിസ്മരിക്കപ്പെട്ട രാജകുമാരന്‍) എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മഹേഷ് ഗിരി ഒറംഗസേബിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ഔറംഗസേബിന്റെ സഹോദരനായ ദാരാ ഷുകോഹ് മഹാനായ വ്യക്തിയായിരുന്നെന്ന് ബിജെപി എംപി അഭിപ്രായപ്പെട്ടു. 

പണ്ഡിതനായ ദാരാ ഷുകോഹ്, വ്യത്യസ്ത ചിന്താധാരകളെക്കുറിച്ച് മനസ്സിലാക്കുകയും, സ്വാംശീകരിക്കാവുന്നവ ഉള്‍ക്കൊള്ളുകയും ചെയ്ത മഹാനായ വ്യക്തിയാണ്. ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട രാജകുമാരനാണ് ഷുകോഹ്. പക്ഷെ ചരിത്രത്തില്‍ അദ്ദേഹത്തെ വേണ്ട പോലെ രേഖപ്പെടുത്തിയിട്ടില്ല. ഷാജഹാന്റെ മൂത്ത മകനായ ഷുകോഹാണ് പിന്‍തുടര്‍ച്ചാവകാശിയാകേണ്ടിയിരുന്നത്. എന്നാല്‍ ഔറംഗസേബ് 1659 ല്‍ ഷുകോഹിനെ തടവിലാക്കി കൊലപ്പെടുത്തുകയായിരുന്നു. ബിജെപി എംപി പറഞ്ഞു. 

ചരിത്രത്തിലും പാഠപുസ്തകത്തിലുമെല്ലാം ഔറംഗസേബിനെ കുറിച്ച് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ദാരാ ഷുകോഹിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. പാഠപുസ്തകങ്ങലില്‍ ഷുകോഹിന്റെ ജീവിതം കൂടി ഉള്‍പ്പെടുത്തണമെന്നും, അത് നന്മയും തിന്മയും എന്തെന്ന് തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുമെന്നും മഹേഷ് ഗിരി അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഔറംഗസേബിന്റെ പേരില്‍ റോഡുകള്‍ക്ക് നാമകരണം ചെയ്തിട്ടുള്ളത് മാറ്റണമെന്ന് ആവശ്യപ്പെട്ട് മഹേഷ് ഗിരി നേരത്തെ രംഗത്തുവന്നിരുന്നു. 

ഇന്ത്യയുടെ അത്ഭുതമാണ് ദാരാ ഷുകോഹെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇറാന്‍ പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ഗുലാം അലി ഹദ്ദാദ് ആദെല്‍ അഭിപ്രായപ്പെട്ടു. മുഗള്‍ ഭരണകാലത്തെ രക്തചൊരിച്ചിലിനും യുദ്ധങ്ങള്‍ക്കുമിടയില്‍, ജനങ്ങളുമായി സംവദിക്കാനാണ് ഷുകോഹ് സമയം കണ്ടെത്തിയിരുന്നത്. വിവിധ മതവിഭാഗക്കാരുമായി സംവദിച്ചിരുന്ന ഷുകോഹ്, സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമാണ് പ്രാധാന്യം നല്‍കിയിരുന്നത്. പണ്ഡിതനായ ഷുകോഹിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ വിലയിരുത്തണമെന്നും ആദെല്‍ അഭിപ്രായപ്പെട്ടു.