ത്രിപുര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 10th February 2018 06:29 PM  |  

Last Updated: 10th February 2018 06:29 PM  |   A+A-   |  

 

അഗര്‍ത്തല: ത്രിപുര മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതിയുമായി സിപിഎം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ശ്രീറാം തരണികാന്ത ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി. 


തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പ്രവര്‍ത്തകരെ കൊണ്ടുവരുന്ന ബിജെപിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശ്രീറാം തരണികാന്ത നടപടി സ്വീകരിക്കുന്നില്ല എന്നാണ് സിപിഎം ആരോപിക്കുന്നത്. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അനിയന്ത്രിതമായി പ്രവര്‍ത്തരകരെ കൊണ്ടുവരുന്നത് അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒരുനടപടിയും സ്വീകരിച്ചില്ലായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ പറഞ്ഞു. 

ഒരു വലിയ ഇതര സംസ്ഥാനക്കാരുടെ കൂട്ടം ക്ഷേത്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തമ്പടിക്കുയും ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്യുകയാണ്. ബിജെപിയുടെ ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലാണ് മുന്നോട്ടുപോകുന്നതെന്നും സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.