പിന്നോട്ട് നോക്കാതെ മുന്നോട്ടു നോക്കി ഭരിക്കൂ; മോദിയെ ഉപദേശിച്ച് രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 10th February 2018 05:45 PM  |  

Last Updated: 10th February 2018 05:45 PM  |   A+A-   |  

 

ബെംഗളൂരു:  ഇന്ത്യയെ നേരായി നയിക്കണമെങ്കില്‍ പിറകോട്ടു നോക്കുന്നതു നിര്‍ത്തി പ്രധാനമന്ത്രി നേരെ നോക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഇന്ത്യ ഭരിക്കുന്നത് റിയര്‍ വ്യു മിറര്‍ നോക്കിയാണെന്നും അദ്ദേഹം പരിഹസിച്ചു. അതുകൊണ്ടാണ് രാജ്യം പിന്നോട്ടുമാത്രം പോകുന്നത്. രാജ്യം കുഴികളില്‍ വീഴുന്നതും ഇക്കാരണം കൊണ്ടാണെന്നും കര്‍ണാടകയിലെ ഹോസ്‌പെട്ടിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

മോദിയുടെ പിന്നോട്ടുനോക്കി സമീപനം കാരണമാണ് നോട്ട് അസാധുവാക്കലും 'ഗബ്ബര്‍സിങ് ടാക്‌സും' (ജിഎസ്ടി) രാജ്യത്ത് ഉണ്ടായത്. രാജ്യത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടിയില്ലാതെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഒളിച്ചുകളിക്കുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. ലോക്‌സഭയില്‍ 90 മിനിറ്റാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. പൊതുപരിപാടികളെ പോലെ മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നതിലായിരുന്നു സഭയിലും പ്രധാനമന്ത്രിയുടെ ശ്രദ്ധ. ലോക്‌സഭയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തയാറായില്ല. കര്‍ണാടക മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ജോലികള്‍ നന്നായി ചെയ്യുന്നു. എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക? രാഹുല്‍ ചോദിച്ചു.മോദി പറയുന്ന വാക്കുകളെല്ലാം പൊള്ളയാണ്. ആ പൊള്ളവാക്കുകളില്‍ കര്‍ണാടകയിലെ ജനങ്ങള്‍ വീഴരുതെന്നും രാഹുല്‍ പറഞ്ഞു. 

സാമ്പത്തിക ഞെരുക്കം അടക്കമുള്ള രാജ്യം നേരിടുന്ന കാതലായ പ്രശ്‌നങ്ങളെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് മോദി പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രസംഗ സമയം ഉപയോഗിച്ചത്. ഇത് പ്രധാന പ്രചാരണായുധമാക്കി മാറ്റിയാണ് രാഹുല്‍ ഇന്ന് കര്‍ണാടകയില്‍ സംസാരിച്ചത്.