കര്‍ണാടകയിലും മൃദുഹിന്ദുത്വം പയറ്റാന്‍ കോണ്‍ഗ്രസ് ; ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ച് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2018 09:56 AM |
Last Updated: 10th February 2018 09:56 AM | A+A A- |

ബെല്ലാരി: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കമാകും. സോണിയഗാന്ധി പാര്‍ലമെന്ററി രാഷ്ട്രീയത്തിന് തുടക്കമിട്ട ബെല്ലാരിയില്‍ ദളിത് പിന്നാക്ക റാലിയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിന് തുടക്കമിടുന്നത്. നാലു ദിവസത്തെ സംസ്ഥാന പര്യടനത്തിനിടെ, രാഹുല്‍ ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിക്കും. ഗുജറാത്തില്‍ വിജയിച്ച മൃദുഹിന്ദുത്വ സമീപനം തന്നെയാകും കര്‍ണാടകയിലും പിന്തുടരുകയെന്നതിന്റെ സൂചനയാണ് രാഹുലിന്റെ പര്യടന പരിപാടി സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. ഇതിനെ തടയുക കൂടി ലക്ഷ്യമിട്ടാണ് രാഹുലിന്റെ സംസ്ഥാന പര്യടനം. ബെല്ലാരിയില്‍ ദളിത് പിന്നാക്ക റാലിയോടെയാണ് രാഹുലിന്റെ പര്യടനത്തിന്റെ തുടക്കമെങ്കിലും കോപ്പാളിലും തുംകുരുവിലും കല്‍ബുര്‍ഗിയിലും ക്ഷേത്ര സന്ദര്‍ശമാണ് പ്രധാന അജന്‍ഡ. കോപ്പാളില്‍ ഹുളിങ്കമ്മ ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദര്‍ശനം നടത്തും.
തുംകുരുവില്‍ സിദ്ധേശ്വര മഠം രാഹുല്‍ സന്ദര്‍ശിക്കും. പ്രത്യേക മതപദവി ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം ഇവിടെ സമരരംഗത്താണ്. ഇവരെ അനുനയിപ്പിക്കുക കൂടി രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യത്തില്‍പ്പെടുന്നു. ലിംഗായത്തുകള്‍ക്ക് ബിജെപിയോട് പഴയ മമതയില്ലാത്തതും തുണയാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് .
കല്‍ബുര്‍ഗിയില്‍ ബന്ദേ നവാസ് ദര്‍ഗയും കോണ്‍ഗ്രസ് അധ്യക്ഷന്‍ സന്ദര്‍ശിക്കും. പര്യടനത്തിന്റെ അവസാനദിനം രാഹുല്‍ ഗാന്ധി ബീഡറില്‍ ബസവേശ്വരന്റെ അനുഭവ മണ്ഡപത്തിലും സന്ദര്‍ശനം നടത്തും. രാഹുലിന്റെ സംസ്ഥാന പര്യടനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ലോക്‌സഭ പ്രതിപക്ഷ
നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ അനുഗമിക്കും. ബിജെപിയുടെ ഹിന്ദുത്വമല്ല തങ്ങളുടേതെന്നും എല്ലാവരെയും ഉള്‍ക്കൊളളുന്നതാണ് അതെന്നും, ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിക്കുന്നതിന് മറുപടിയായി കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നു.