'സിദ്ധരാമയ്യയെ വളര്‍ത്തിക്കൊണ്ടു വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം' : ദേവഗൗഡ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2018 10:43 AM  |  

Last Updated: 11th February 2018 10:43 AM  |   A+A-   |  

 

ബംഗലൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ രംഗത്ത്. വളരെ മോശം മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യയെന്ന് ദേവഗൗഡ ആരോപിച്ചു. ജനതാദള്‍ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടു വന്നതാണ് തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റെന്നും ദേവഗൗഡ പറഞ്ഞു. 

ഈ മാസം ഏഴിന് ശ്രാവണബലഗോളയില്‍ നടന്ന ഗോമതേശ്വര ബാഹുബലിയുടെ മഹാമസ്തകാഭിഷേക ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കാതിരുന്നതാണ് ദേവഗൗഡയെ പ്രകോപിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങിലേക്ക് മുന്‍ പ്രധാനമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ ദേവഗൗഡയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ സംസാരിക്കാന്‍ ദേവഗൗഡയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. 

ഇതിന് പിന്നില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്നാണ് ദേവഗൗഡയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി ഇത്ര തരംതാഴുമെന്ന് വിചാരിച്ചിരുന്നില്ല. ഇയാള്‍ ഒരു മുഖ്യമന്ത്രിയാണോ..? ഇത്രയും നീതികെട്ട ഒരു രാഷ്ട്രീയക്കാരനെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ കര്‍ണാടകയിലെ ജനങ്ങളോട് മാപ്പു ചോദിക്കുന്നു. ദേവഗൗഡ പറഞ്ഞു. 

ഒരു കാലത്ത് ദേവഗൗഡയുടെ വിശ്വസ്തനും വലംകൈയുമായിരുന്നു സിദ്ധരാമയ്യ. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയുമായിരുന്നു സിദ്ധരാമയ്യ. എന്നാല്‍ മുതിര്‍ന്ന നേതാവും,  പാര്‍ട്ടി നിയമസഭാ കക്ഷി ലീഡറുമായ തന്നെ മറികടന്ന് ദേവഗൗഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമി ജനതാദളില്‍ പിടിമുറുക്കിയതോടെയാണ് സിദ്ധരാമയ്യ ഗൗഡയുമായി അകന്നത്. പിന്നീട് ജെഡിഎസ് വിട്ട് സിദ്ധരാമയ്യ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.