എന്തുകൊണ്ട് പൊതുമേഖല കമ്പനികളെ റാഫേല്‍ ഇടപാടില്‍ നിന്ന് ഒഴിവാക്കി?: എ.കെ ആന്റണി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 11th February 2018 11:41 AM  |  

Last Updated: 11th February 2018 11:41 AM  |   A+A-   |  

 

ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതാണ് നല്ലതെന്ന് ആന്റണി അഭിപ്രായപ്പെട്ടു. 

വിമാനങ്ങള്‍ക്ക് വില കൂടുതലായതിനാലാണ് റാഫേല്‍ ഇടപാടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് പൊതുമേഖല കമ്പനികളെ റാഫേല്‍ ഇടപാടില്‍ നിന്ന് ഒഴിവാക്കിയതെന്നും ആന്റണി ചോദിച്ചു. 

നേരത്തെ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. രാജ്യസുരക്ഷെയെ ബാധിക്കുന്ന ഇടപാടായതിനാലാണ് വിവരങ്ങള്‍ വെളിപ്പെടുത്താത്തത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. 

 
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഒപ്പുവച്ച കരാറാണ് റാഫേല്‍ യുദ്ധവിമാനക്കരാര്‍. ഏകദേശം 59,000 കോടി രൂപയുടെ കരാറിലൂടെ 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ട് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.