ഗോവൻ സംസ്കാരത്തെ മാനിക്കാത്ത ടൂറിസ്റ്റുകളെ നാടുകടത്തും : മന്ത്രി മനോഹർ അജഗോങ്കർ
By സമകാലിക മലയാളം ഡെസ്ക് | Published: 11th February 2018 02:36 PM |
Last Updated: 11th February 2018 02:43 PM | A+A A- |

പനാജി: സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾക്കെതിരെ മറ്റൊരു ഗോവൻ മന്ത്രി കൂടി രംഗത്ത്. ഗോവൻ സംസ്കാരത്തെ മാനിക്കാത്ത ടൂറിസ്റ്റുകളെ നാടുകടത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി മനോഹർ അജഗോങ്കർ പറഞ്ഞു. പനാജിയിൽ ഗോവ ഫുഡ് ആന്റ് കൾച്ചറൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ഗോവയുടെ സംസ്കാരവും പൈതൃകവും അംഗീകരിക്കാത്തവരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാനാവില്ല. ഇത്തരക്കാരെ പിന്തുടർന്ന് നാടുകടത്തും. തന്റെ വാക്കുകൾ വ്യക്തമാണ്. ഇക്കാര്യത്തിൽ മറ്റാരുടേയും നിർദേശങ്ങൾ ചെവിക്കൊള്ളില്ല. ഗോവൻ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. മയക്കുമരുന്ന് വ്യാപാരത്തിനായി ആരും ഗോവയിലേക്ക് വരേണ്ടെന്നും മന്ത്രി അജഗോങ്കർ പറഞ്ഞു.
ഗോവയിലെത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾ നികൃഷ്ട ജീവികളാണെന്നായിരുന്നു കഴിഞ്ഞദിവസം ഗോവൻ കൃഷിമന്ത്രി വിജയ് സർദേശായിയുടെ പ്രസ്താവന. ഉത്തരേന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഗോവയെ മറ്റൊരു ഹരിയാനയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി വിജയ് സർദേശായി രംഗത്തെത്തി. തന്റെ പ്രസംഗം സാഹചര്യത്തിൽ നിന്നും അടർത്തിമാറ്റി വിവാദം ഉണ്ടാക്കുകയായിരുന്നെന്നാണ് സർദേശായിയുടെ വിശദീകരണം.