ത്രിപുരയിൽ ബിജെപിയുടേത് അവിശുദ്ധ സഖ്യം ; ഭിന്നിപ്പിച്ച് ഭരിക്കാമെന്ന് മോദി വിചാരിക്കേണ്ട : മണിക് സർക്കാർ

ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും ചെറുത്തു തോൽപ്പിക്കും
ത്രിപുരയിൽ ബിജെപിയുടേത് അവിശുദ്ധ സഖ്യം ; ഭിന്നിപ്പിച്ച് ഭരിക്കാമെന്ന് മോദി വിചാരിക്കേണ്ട : മണിക് സർക്കാർ

അ​ഗർത്തല : ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമം ചെറുത്തു തോൽപ്പിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ. ത്രിപുരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വിഘടനവാദികളുമായാണ് ബിജെപി കൈകോർത്തത്. ബിജെപിയുടേത് അവിശുദ്ധ സഖ്യമാണ്. ഇത് സംസ്ഥാനത്തെ ജനങ്ങൾ തൂത്തെറിയും.  ത്രിപുരയിൽ ഇടതുപക്ഷം ശക്തമാണെന്നും വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നിലകൊള്ളുന്ന പാർട്ടിയെന്ന് എപ്പോഴും പറയുന്നു. എങ്കിൽ എന്തിനാണ് വിഘടനവാദികളുമായി ബിജെപി സഖ്യം ചേരുന്നത്. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ഭീകരസംഘടനയാണെന്നും, സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെ, ബം​ഗ്ലാദേശിൽ ഇപ്പോഴും ഇവരുടെ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മണിക് സർക്കാർ ആരോപിച്ചു. സംസ്ഥാനത്തെ സമാധാനം തകർക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അഗർത്തലയിൽ പറഞ്ഞു.

ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും ചെറുത്തു തോൽപ്പിക്കും. ത്രിപുരയിൽ ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ശക്തമാണ്. ജാതിയുടെയും മതത്തിന്റെയും വർഗങ്ങളുടെയും പേരിൽ വിഭജിച്ചു ഭരിക്കാനാണു ബിജെപി ശ്രമിക്കുന്നത്. എൺപതുകളിലെ സംഘർഷാവസ്ഥ തിരികെ കൊണ്ടുവരാനാണു ബിജെപിയുടെ ശ്രമം. അതു ജനം അനുവദിക്കില്ലെന്നും മണിക് സർക്കാർ പറഞ്ഞു. 

അടുത്ത ഞായറാഴ്ചയാണ്  ത്രിപുര നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് മൂന്നിന് വോട്ടെണ്ണും. 60 അം​ഗ സഭയിലേക്ക് സിപിഎം, സിപിഐ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നീ പാർട്ടികളടങ്ങിയ ഇടതു മുന്നണിയാണ് ജനവിധി തേടുന്നത്. ബിജെപിയും ഐപിഎഫ്ടിയും ചേർന്ന സഖ്യമാണ് മുഖ്യഎതിരാളികൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com