പൊതുതെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം ; തെരഞ്ഞെടുപ്പ് നവംബറില്‍.?
By സമകാലിക മലയാളം ഡെസ്ക് | Published: 11th February 2018 05:04 PM |
Last Updated: 11th February 2018 05:05 PM | A+A A- |

ന്യൂഡല്‍ഹി : പൊതുതെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. സംസ്ഥാന ഘടകങ്ങളിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുക, ബൂത്ത് ലെവല്‍ മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക, ജനങ്ങളോട് അടുത്തുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
ആലസ്യം വെടിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുക എന്നതുതന്നെയാണ് നിര്‍ദേശത്തിന് പിന്നിലെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമം സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രസ്താവന നടത്തിയേക്കുമെന്നാണ്
സൂചന. നവംബറിലോ, ഡിസംബറിലോ പൊതുതെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ കേന്ദ്രബജറ്റെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ഇത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിയ ജെയ്റ്റ്‌ലി, പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് നവംബറില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി അഭിപ്രായപ്പെട്ടിരുന്നു.