സ്ത്രീകളുടെ ചിരിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും പരിഹസിക്കുന്ന തരംതാണ ആളാണ് നമ്മുടെ പ്രധാനമന്ത്രി: കനയ്യ കുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 11th February 2018 10:31 AM  |  

Last Updated: 11th February 2018 10:31 AM  |   A+A-   |  

 

കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന പ്രവൃത്തികളാണ് ബിജെപിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങേറുന്നതെന്നും ഇതിനെതിരെ യുവജനങ്ങളുടെ ശബ്ദം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാര്‍. രാജ്യം ഒറ്റകെട്ടായി നിലനിന്നില്ലെങ്കില്‍ വരും തലമുറയെ ഫാസിസ്റ്റ് ഭരണകൂടത്തിന് വിട്ട് കൊടുത്തതിന് മറുപടിപറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യത്തില്‍ വിയോജിപ്പിനും വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍. മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം രാജ്യദ്രോഹികളായി ബ്രാന്റ് ചെയ്യപ്പെടുന്നു. വര്‍ഗീയതയാണ് ഏറ്റവും വലിയ വെല്ലുവിളി. ഫാസിസത്തെ നേരിടാന്‍ യോജിക്കുന്ന എല്ലാ കക്ഷികളുടെയും മുന്നണി ആവശ്യമാണ്. അത് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചാകരുത്. മുസ്ലീങ്ങള്‍ക്കെതിരെ ഹിന്ദുക്കളെല്ലാം ഒന്നിക്കണമെന്ന അപകടകരമായ മുദ്രാവാക്യമാണ് ആര്‍ എസ് എസ് മുഴക്കുന്നത്. കൂടുതല്‍ സമത്വമുണ്ടെന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഇവിടെ ഒരേ വിദ്യാലയത്തില്‍ പഠിക്കാനും ഒരേ ആശുപത്രിയില്‍ ചികിത്സിക്കാനും ദലിതനും സവര്‍ണനും
കഴിയുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ ഇതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ചിരിക്കാനുള്ള സ്വാതന്ത്ര്യത്തെ പോലും പരിഹസിക്കുന്ന തരംതാണ ആളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും  കനയ്യ കുമാര്‍ പറഞ്ഞു. രാജ്യസഭയില്‍ ചിരിച്ചെന്ന് ആരോപിച്ച് രേണുക ചൗധരിയെ മോദി പരിഹസിച്ചത് അപഹാസ്യമാണ്, സ്ത്രീത്വത്തെ ബഹുമാനിക്കാനും അവരെ അംഗീകരിക്കാനും ബിജെപിയും മോദിയും പഠിക്കണമെന്നും കനയ്യ പറഞ്ഞു.

കേരള സന്ദര്‍ശനത്തില്‍ ഉത്തര്‍പ്രദേശിലെ ചികിത്സാ നിലവാരം കണ്ട് പഠിക്കണമെന്ന യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയെ പരിഹസിച്ച കനയ്യ അടുത്തിടെ നിതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ രംഗത്തെ കേരളത്തിന്റെ ഉയര്‍ന്ന നേട്ടം അദ്ദേഹത്തിനുള്ള മറുപടിയാണെന്നും ചൂണ്ടികാട്ടി.