ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2018 03:17 PM  |  

Last Updated: 12th February 2018 03:17 PM  |   A+A-   |  

 

അഗര്‍ത്തല:ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎം സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ രാമേന്ദ്ര നാരായന്‍ ദബ്ബാര്‍മ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 68 വയസായിരുന്നു

പടിഞ്ഞാറന്‍ ത്രിപുരയിലെ ചാരിലം മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്നു ദബ്ബാര്‍മ. പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത മണ്ഡലമാണിത്. രോഗത്തെ തുടര്‍ന്ന് ആശുപ്രതിയില്‍ എത്തിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ദബ്ബാര്‍മ സര്‍ക്കാര്‍ സേവനത്തില്‍ നിന്നും 2012 ലാണ് വിരമിച്ചത്. 2013ലെ തെരഞ്ഞെടുപ്പില്‍ ചാരിലം മണ്ഡലത്തില്‍ നിന്നാണ് വിജയം നേടിയത്. മറ്റൊരു സിപിഎം സ്ഥാനാര്‍ത്ഥിയായ നിര്‍മല്‍ വിശ്വാസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ക്വാവായി മണ്ഡലത്തില്‍ നിന്നാണ് വിശ്വാസ് ജനവിധി തേടുന്നത്. നിലവിലെ ഫിഷറിസ് മന്ത്രിയും കൃഷ്ണാപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കഗേന്ദ്ര ജമാതിയ ദീര്‍ഘനാളായി രോഗബാധിതനായി ആശുപത്രിയിലാണ്. 60 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍