ഷെയിം ഓണ്‍ യു മിസ്റ്റര്‍ ഭാഗവത്; നിങ്ങള്‍ അപമാനിച്ചത് രക്തസാക്ഷികളെയാണ്: രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2018 12:30 PM  |  

Last Updated: 12th February 2018 12:30 PM  |   A+A-   |  

RAHUL-2

 

ന്യൂഡല്‍ഹി: സൈന്യത്തെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ ഓരോ ഇന്ത്യക്കാരനും അപമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചവരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശമമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

യുദ്ധത്തിനായി ഒരുങ്ങാന്‍ സൈന്യത്തിന് ആറോ ഏഴോ മാസം വേണ്ടിവരുമ്പോള്‍ ആര്‍എസ്എസിന്  മൂന്നു ദിവസം കൊണ്ടുകൊണ്ട് അതു ചെയ്യാനാവും എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. ബിഹാറിലെ മുസാഫര്‍പുരിലാണ് മോഹന്‍ ഭാഗവത് വിവാദ പ്രസംഗം നടത്തിയത്.

ഇന്ത്യക്കാരെ മുഴുവന്‍ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ചവരെയാണ് ആര്‍എസ്എസ് മേധാവി അപമാനിച്ചത്. രക്തസാക്ഷികളെയും സൈന്യത്തെയും അപമാനിച്ച മോഹന്‍ ഭാഗവതിന്റെ പേരില്‍ ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

മോഹന്‍ ഭാഗവതിന്റെ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ആര്‍എസ്എസ് നേതൃത്വം രംഗത്തുവന്നു. സന്ദര്‍ഭത്തില്‍നിന്നു അടര്‍ത്തിയെടുത്താണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സംഘം പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യം വരികയും ഭരണഘടന അനുവദിക്കുകയും ചെയ്താല്‍ മൂന്നു ദിവസം കൊണ്ട് ആര്‍എസ്എസിനെ യുദ്ധത്തിനു സജ്ജമാക്കാന്‍ സൈന്യത്തിനു കഴിയും എന്നാണ് മോഹന്‍ ഭാഗവത് പ്രസംഗിച്ചതെന്ന് പ്രസ്താവന പറയുന്നു.