ത്രിപുരയില്‍ സിപിഎമ്മിന് ക്ലീന്‍ പ്രതിച്ഛായ; സ്ഥാനാര്‍ത്ഥികളില്‍ ഒറ്റയാള്‍ക്ക് എതിരെപോലും ഗുരുതരമായ കേസില്ല

ക്രിമിനല്‍ പശ്ചാത്തലത്തിന്റെ കാര്യത്തില്‍ ത്രിപുരയില്‍ ബിജെപി ഉള്‍പ്പെടെ മറ്റു എതിര്‍സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് സിപിഎമ്മിന് ക്ലീന്‍ പ്രതിച്ഛായയെന്ന് റിപ്പോര്‍ട്ട്
ത്രിപുരയില്‍ സിപിഎമ്മിന് ക്ലീന്‍ പ്രതിച്ഛായ; സ്ഥാനാര്‍ത്ഥികളില്‍ ഒറ്റയാള്‍ക്ക് എതിരെപോലും ഗുരുതരമായ കേസില്ല

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലത്തിന്റെ കാര്യത്തില്‍ ത്രിപുരയില്‍ ബിജെപി ഉള്‍പ്പെടെ മറ്റു എതിര്‍സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് സിപിഎമ്മിന് ക്ലീന്‍ പ്രതിച്ഛായയെന്ന് റിപ്പോര്‍ട്ട്. മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളില്‍ നിരവധി പേര്‍ ഗുരുതര കേസുകളില്‍ ആരോപണവിധേയരായിരിക്കേയാണ് സിപിഎം സ്ഥാനാര്‍ത്ഥികളുടെ ക്ലീന്‍ പ്രതിച്ഛായ.അതേസമയം ബിജെപിയുടെ സഖ്യകക്ഷിയായ ഇന്‍ഡിജെന്‍സ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെയും ഗൗരവപ്പെട്ട കേസുകളുണ്ട്. ഒന്‍പതു സീറ്റുകളിലാണ് ഐപിഎഫ്ടി മത്സരിക്കുന്നത്.

കൊലപാതകം, കൊലപാതകശ്രമം, അഴിമതി തുടങ്ങിയവയാണ് ഗുരുതര കേസുകളായി കണക്കാക്കുന്നത്. ഇതനുസരിച്ച് 51 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന ബിജെപിയുടെ ഒന്‍പതുപേര്‍ ഇത്തരത്തിലുളള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ശന്തനുഭൗമിക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി സ്ഥാനാര്‍ത്ഥിയാണ്. മണ്ഡ്വായി നിയമസഭ മണ്ഡലത്തിലാണ് ബിജെപി- ഐപിഎഫ്ടി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ശന്തനു കൊലക്കേസ് പ്രതി ധീരേന്ദ്ര ഡെബ്ബാര്‍മ മത്സരിക്കുന്നത്. 

59 സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയിരിക്കുന്ന കോണ്‍ഗ്രസിന്റെ മൂന്നും തൃണമൂലിന്റെ ഒരു സ്ഥാനാര്‍ത്ഥിയും ഗുരുതര കേസുകള്‍ നേരിടുന്നവരാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോമ്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 

ത്രിപുരയില്‍ മത്സരിക്കുന്ന 57 സിപിഎം സ്ഥാനാര്‍ത്ഥികളില്‍ രണ്ടുപേര്‍ മാത്രമാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളത്. ബാക്കിയെല്ലാവരും ഒരു കേസുപോലും ഇല്ലാതെ മെച്ചപ്പെട്ട പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നവരാണെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോമ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കോടിപതികളുടെ കാര്യത്തിലും സിപിഎം ലാളിത്യം കാത്തുസൂക്ഷിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 35 ശതമാനം പേരും കോടികളുടെ ആസ്തി ഉളളവരാണ്. കോണ്‍ഗ്രസിന്റെ 15 ശതമാനവും സിപിഎമ്മിന്റെ ഏഴുശതമാനവും കോടിപതികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ജിഷ്ണു ദേവവര്‍മ്മയാണ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍. 11 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 

സിപിഎം സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 39 ലക്ഷമാണ്. ബിജെപിയുടെത് 1.35 കോടി വരുമ്പോള്‍, കോണ്‍ഗ്രസിന്റെത് 53 ലക്ഷമാണെന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com