ഇന്ത്യയുടെ സമ്മര്‍ദം ഫലം കണ്ടു, ഹഫീസ് സയിദിനെ പാകിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2018 10:29 AM  |  

Last Updated: 13th February 2018 10:29 AM  |   A+A-   |  

Hafiz-Saeed

 

ന്യൂഡല്‍ഹി: മുംബൈ ഭീകാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ജമാഅത്തെ ഉദ്ദവയുടെ സ്ഥാപകനുമായ ഹഫീസ് സയിദിനെ പാകിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ പാക് പ്രസിഡന്റ് മമ്‌നൂന്‍ ഹുസൈന്‍ ഒപ്പുവച്ചു.  ഇന്ത്യയുടെ നേതൃത്വത്തില്‍ ആഗോളതലത്തിലുണ്ടായ സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് നടപടി.

യുഎന്‍ രക്ഷാസമിതി ഭീകരരായി പ്രഖ്യാപിച്ച സംഘടനകളെയും വ്യക്തികളെയും ഭീകരരുടെ പട്ടികയില്‍ കൊണ്ടുവരുന്നതാണ് പാക് പ്രസിഡന്റ് ഒപ്പുവച്ച ഓര്‍ഡിനന്‍സ്. ലഷ്‌കറെ ത്വയ്യിബ, ജമാഅത്തെ ഉദ്ദവ, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ പുതിയ ഓര്‍ഡിന്‍സിന്റെ പരിധിയില്‍ വരും.

പാരിസില്‍ ലോകരാഷ്ട്രങ്ങളുടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേരുന്നതിനു മുമ്പായാണ് പാകിസ്ഥാന്റെ നടപടി. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിക്കുന്ന പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ഇതിനായി ക്യാംപയ്ന്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹഫീസ് സെയ്ദിനെതിരെ ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്ഥാന്‍ നടപടിയെടുത്തിരുന്നില്ല. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.