ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള മുഖ്യമന്ത്രി ഫഡ്നാവിസ്, പിണറായി വിജയൻ തൊട്ടുപിന്നിൽ ; ചന്ദ്രബാബു നായിഡു ധനാഢ്യനായ മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2018 10:35 AM  |  

Last Updated: 13th February 2018 10:35 AM  |   A+A-   |  

 

ന്യൂഡൽഹി : രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള മുഖ്യമന്ത്രി മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ്. 22 കേസുകളാണ് ഫഡ്നാവിസിന്റെ പേരിലുള്ളത്. ക്രിമിനൽ കേസുള്ള മുഖ്യമന്ത്രിമാരിൽ രണ്ടാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 11 കേസുകളാണ് പിണറായിക്കെതിരെ ഉള്ളത്. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് നടത്തിയ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് പട്ടികയിൽ മൂന്നാമത്. 10 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് നാലാം സ്ഥാനത്തും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഞ്ചാം സ്ഥാനത്തുമാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു എന്നിവരാണ് ക്രിമിനല്‍ കേസുകളുള്ള മറ്റ് മുഖ്യമന്ത്രിമാര്‍. 

ഇതിൽ എട്ടുപേർക്കെതിരെ ​ഗുരുതരമായ ക്രിമിനൽ കേസുള്ളതായും പഠനം വ്യക്തമാക്കുന്നു. കെജരിവാളിനെതിരെ നാലും,  ഫഡ്നാവിസിനും,  അമരീന്ദർ സിം​ഗിനുമെതിരെ മൂന്നും, പിണറായി വിജയൻ, രഘുബർ ദാസ് എന്നിവർക്കെതിരെ ഓരോ ​ഗുരുതര ക്രിമിനൽ കേസുകളുമുണ്ട്. രാജ്യത്തെ 31 മുഖ്യമന്ത്രിമാരിൽ 20 പേർ ക്ലീൻ റെക്കോഡുകളുള്ളവരാണെന്നും പഠനം വ്യക്തമാക്കുന്നു. 

ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക ശേഷിയെക്കുറിച്ചും പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതനുസരിച്ച്  രാജ്യത്തെ 25 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും ധനാഢ്യനായ മുഖ്യമന്ത്രി. 177 കോടി രൂപയാണ് ആന്ധ്ര മുഖ്യമന്ത്രിയുടെ ആസ്തി. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് രണ്ടാമത്തെ കോടീശ്വരനായ മുഖ്യമന്ത്രി. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 

48 കോടിരൂപയുടെ ആസ്തിയുള്ള പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിം​ഗാണ് പട്ടികയിലെ മൂന്നാമൻ. 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം സ്ഥാനത്തുണ്ട്. 26 ലക്ഷം രൂപയുടെ മാത്രം ആസ്തിയുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരാണ് ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി. 30 ലക്ഷം മാത്രമുള്ള മമത ബാനർജിയും, 55 ലക്ഷം രൂപയുടെ ആസ്തിയുള്ള മെഹബൂബ മുഫ്തിയുമാണ് പട്ടികയിൽ മണിക് സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍.