ഒരു മാസം മുമ്പ് കാണാതായ ബാലന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്‌കേസില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2018 03:27 PM  |  

Last Updated: 13th February 2018 03:27 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴു വയസുകാരനെ സ്യൂട്ട് കേസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുപിഎസ്‌സി സ്വപ്‌നം കാണുന്ന 20 കാരനെ അറസ്റ്റ് ചെയ്തു.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സ്വരൂപ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഒരു മാസമായി കാണാതായിരുന്ന ആഷിഷിനെയാണ് സ്യൂട്ട് കേസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാഥാപുര ഗ്രാമത്തില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ്യൂട്ട് കേസിന്റെ ഉടമയും ആഷിഷിന്റെ വീട്ടിലെ വാടകകാരനുമായ അവദേഷ് സാക്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:  പാര്‍ട്ടി സംഘടിപ്പിക്കുന്നതിന്റെ പേരില്‍ യുപിഎസ്‌സി ജോലി സ്വപ്‌നം കാണുന്ന അവദേഷും ആഷിഷിന്റെ കുടുംബവുമായി തര്‍ക്കം നിലനിന്നിരുന്നു. അവദേഷുമായി ആഷിഷ് ഇടപഴകുന്നതും കുടുംബം എതിര്‍ത്തിരുന്നു. 

കുട്ടിയെ കാണാതായ ഉടന്‍ തന്നെ കൊലപാതകം നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ സംശയിക്കുന്നതായി പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാലേ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുളളുവെന്നും പൊലീസ് ചൂണ്ടികാണിക്കുന്നു. 

കഴിഞ്ഞ എട്ടുവര്‍ഷമായി ആഷിഷിന്റെ വീട്ടില്‍ വാടകക്കാരനായി കഴിയുകയാണ് അവദേഷ്. യുപിഎസ്എസി പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കാന്‍ മൂന്നുതവണ അവദേഷ് ശ്രമം നടത്തിയതായും പൊലീസ് പറയുന്നു. കുട്ടിയെ ഉപയോഗിച്ച് കുടുംബത്തില്‍ നിന്നും മോചനദ്രവ്യം നേടാനും അവദേഷ് പരിപാടിയിട്ടതായും പൊലീസ് സംശയിക്കുന്നു.