ബിജെപി നേതാവ് രാംമാധവ് അനാശാസ്യത്തിന് പിടിയിലായെന്ന വാര്‍ത്ത നല്‍കിയ പോര്‍ട്ടല്‍ അപ്രത്യക്ഷമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2018 09:06 AM  |  

Last Updated: 13th February 2018 09:44 AM  |   A+A-   |  

 

ന്യൂഡല്‍ഹി : ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അനാശാസ്യത്തിന് പിടിയിലായതായി വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടല്‍ അപ്രത്യക്ഷമായി. വ്യാജവാര്‍ത്തയാണെന്ന് കാണിച്ച് പോര്‍ട്ടലിനെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 'ന്യൂസ് ജോയിന്റ്' എന്ന പോര്‍ട്ടല്‍ അപ്രത്യക്ഷമായത്.  ഹോട്ടലില്‍ രണ്ട് നാഗാ യുവതികള്‍ക്കൊപ്പം അനാശാസ്യത്തിലേര്‍പ്പെടുന്നതിനിടെ രാം മാധവിനെ പിടികൂടുകയായിരുന്നു എന്നാണ് പോര്‍ട്ടലായ ന്യൂസ് ജോയിന്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ന്യൂസ് ജോയിന്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത 

വിഘടന സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ( എന്‍എസ്‌സിഎന്‍ )ആണ് രാം മാധവിനെയും യുവതികളെയും ഹോട്ടലില്‍ നിന്ന് പിടികൂടിയതെന്നുമാണ് ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് റദ്ദാക്കിയില്ലെങ്കില്‍ അശ്ലീല വീഡിയോ പുറത്തുവിടുമെന്നും എന്‍എസ്‌സിഎന്‍ ഭീഷണിപ്പെടുത്തിയതായും ന്യൂസ് ജോയിന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

അനാശാസ്യത്തിനിടെ രാം മാധവ് പിടിയിലായ സംഭവത്തില്‍ ബിജെപി പ്രതികരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററില്‍ ന്യൂസ് പോര്‍ട്ടലിലെ വാര്‍ത്ത അടക്കം ട്വീറ്റ് ചെയ്താണ് പ്രിയങ്ക ബിജെപിയുടെ പ്രതികരണം ആവശ്യപ്പെട്ടത്. പ്രിയങ്കയ്ക്ക് പിന്നാലെ മറ്റ് പാര്‍ട്ടികളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. 

എന്നാല്‍ നാഗാലാന്‍ഡ് ബിജെപി നേതൃത്വം വാര്‍ത്ത നിഷേധിച്ചു. രാം മാധവിനെയും ബിജെപിയെയും സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കാനാണ് ഇത്തരം അസംബന്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ബിജെപി നാഗാലാന്‍ഡ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അഭിപ്രായപ്പെട്ടു. വാര്‍ത്ത പ്രസിദ്ധീകരിച്ച പോര്‍ട്ടലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നാഗാലാന്‍ഡ് ബിജെപി കമ്മിറ്റി അറിയിച്ചു. 

ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലക്കാരനാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ്. ആര്‍എസ്എസില്‍ നിന്ന് ബിജെപി നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ട രാം മാധവിനാണ് ത്രിപുരയുടെയും ചുമതല.