കോണ്‍ഗ്രസ് സഖ്യം വേണ്ട; സിപിഐ നിലപാട് ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിന് തടസമെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം

കോണ്‍ഗ്രസുമായി ഒരുവിധത്തിലുള്ള കൂട്ടുകെട്ടും വേണ്ടന്ന് സിപിഎം രാഷ്ട്രീയ കരട് പ്രമേയം
കോണ്‍ഗ്രസ് സഖ്യം വേണ്ട; സിപിഐ നിലപാട് ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിന് തടസമെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം


ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഒരുവിധത്തിലുള്ള കൂട്ടുകെട്ടും വേണ്ടന്ന് സിപിഎം രാഷ്ട്രീയ കരട് പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ കരടാണ് പുറത്തിറക്കിയത്. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള മതേതര ശക്തികളുമായി സഖ്യം വേണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പൂര്‍ണമായി നിരാകരിക്കുന്നതാണ് കരട്. യെച്ചൂരിയുടെ ആവശ്യം നേരത്തെ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും കാരാട്ട് പക്ഷം വോട്ടിനിട്ട് തള്ളിയിരുന്നു. 

ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ പരാജയപ്പെടുത്തുന്നുന്നതിന് മതേതര, ജനാധിപത്യ കക്ഷികളുമായി ധാരണയാകാമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. അതേസമയം, കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ലെന്നും പ്രമേയത്തില്‍ പറയുന്നു. വര്‍ഗീയതയെ പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജമയാണ്. അതിനാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ല. ബിജെപി പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോഴും പിന്തുടരുന്നത് എന്നും കരട് പറയുന്നു. 

വര്‍ഗീയ ശക്തിയായ ബിജെപിക്കെതിരെ ഇടതുപക്ഷ ഐക്യമാണ് സിപിഎം ആഗ്രഹിക്കുന്നത്. താഴെ തട്ടുമുതല്‍ ജനങ്ങളെ ഒരുമിപ്പിക്കാനുള്ള വേദി സിപിഎമ്മിെന്റ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുക്കണം. പാര്‍ട്ടി സ്വതന്ത്രപരമായ വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്. പാര്‍ട്ടിയെ വളര്‍ത്തുന്നതിനും ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയും പ്രയ്തനിക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ ഇടതുപക്ഷ, മതേതര ജനാധിപത്യ പാര്‍ട്ടികളും ഒരുമിച്ച് ജനാധിപത്യ സഖ്യമായി മുന്നോട്ടു വരണം. എന്നാല്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിന് സിപിഐ അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ തടസം നില്‍ക്കുന്നുവെന്നും കരട് പറയുന്നു. 

ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക് എന്നിവ കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കണം എന്നാണ് സിപിഐ നിലപാട്. ഇത് ഇടത് ഐക്യം ശക്തിപ്പെടുന്നതിന് തടസമാകുന്നുവെന്നാണ് കരട് പറയുന്നത്.  

രാഷ്ട്രീയ പ്രചരണങ്ങളിലും റാലികളിലും ഇടതുപക്ഷ ജനാധിപത്യ സഖ്യമാണ് ഉണ്ടാകേണ്ടത്. തെരെഞ്ഞടുപ്പില്‍ പരാമവധി ബിജെപി വിരുദ്ധവോട്ടുകള്‍ നേടാന്‍ ശ്രമിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com