മോദി ദുര്‍ബലനായ പ്രധാനമന്ത്രി, ത്രിപുരയില്‍ ബിജെപി തീ കൊണ്ട് കളിക്കുന്നു: മണിക് സര്‍ക്കാര്‍

ആസന്നമായിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍
മോദി ദുര്‍ബലനായ പ്രധാനമന്ത്രി, ത്രിപുരയില്‍ ബിജെപി തീ കൊണ്ട് കളിക്കുന്നു: മണിക് സര്‍ക്കാര്‍

അഗര്‍ത്തല: ആസന്നമായിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. വിഘടനവാദികളുമായി ചേര്‍ന്ന് ബിജെപി തീ കൊണ്ട് കളിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയെ മണിക് സര്‍ക്കാര്‍ കടന്നാക്രമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വെറുതെ വിടാന്‍ മണിക് സര്‍ക്കാര്‍ തയ്യാറായില്ല.  നരേന്ദ്രമോദി ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന് മണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. രത്‌നത്തിന് പകരം ഡയമണ്ട് വിളയുന്ന ഭൂമിയായി ത്രിപുരയെ പരിവര്‍ത്തനം ചെയ്യേണ്ട സമയമായി എന്ന മോദിയുടെ വാക്കുകളെ ഉദ്ദേശിച്ചായിരുന്നു മണിക് സര്‍ക്കാരിന്റെ വിമര്‍ശനം. ഈ വാക്കുകളില്‍ തന്നെ മോദിയുടെ ദൗര്‍ബല്യം പ്രകടമാണെന്ന് മണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. 

ബിജെപിയും ഗോത്രവര്‍ഗ വിഭാഗമായ ഐപിഎഫ്ടിയും തമ്മിലുളള സഖ്യം അവസരവാദപരമായ കൂട്ടുകെട്ടിന്റെ ദൃഷ്ടാന്തമാണ്. കേന്ദ്രം ഭരിക്കുന്ന ദേശീയ പാര്‍ട്ടി ഇത്തരത്തിലുളള സഖ്യത്തിന് ശ്രമിച്ചത് തന്നെ അത്ഭുതപ്പെടുത്തി. ത്രിപുരയെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപികരിക്കണമെന്നതാണ് ഐപിഎഫ്ടിയുടെ ആത്യന്തിക ലക്ഷ്യം.രണ്ടായിരത്തില്‍ രൂപികൃതമായ ഈ സംഘടനയ്ക്ക് തീവ്രവാദബന്ധമുണ്ടെന്നും മണിക് സര്‍ക്കാര്‍ ആരോപിച്ചു. ഐഎസ്‌ഐയും സിഐഎയുമായി ഐപിഎഫ്ടിക്ക് ബന്ധമുണ്ട്. ഗോത്രവര്‍ഗം, ഗോത്ര ഇതര വര്‍ഗം എന്ന നിലയില്‍ സമൂഹത്തെ വിഭജിക്കാന്‍ ഈ സംഘടന കലാപങ്ങള്‍ സൃഷ്ടിച്ചതായും മണിക് സര്‍ക്കാര്‍ ആരോപിച്ചു.

ത്രിപുരയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗം അവസരവാദി നേതാക്കളുടെ നിലപാടുകളാണെന്നും മണിക് സര്‍ക്കാര്‍ വിമര്‍ശിച്ചു. നേട്ടം ലക്ഷ്യമാക്കി ആദ്യം തൃണമൂലില്‍ ചേക്കേറിയ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നിട് ബിജെപിയില്‍ ചേരുന്നതിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്നും മണിക് സര്‍ക്കാര്‍ ആരോപിച്ചു.മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം ത്രിപുരയില്‍ വില പോകില്ലെന്നും മണിക് സര്‍ക്കാര്‍ വെല്ലുവിളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com