'ഘര്‍വാപസി' റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ തല്ലിചതച്ച് സംഘപരിവാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2018 09:21 PM  |  

Last Updated: 14th February 2018 09:23 PM  |   A+A-   |  

 

കൊല്‍ക്കത്ത: മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം.തീവ്രമത സംഘടനയായ ഹിന്ദു സംഹതിയാണ് ഒരു കുടുംബത്തിലെ 14 പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. 

ബംഗാള്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ റാണി റാഷ്‌മോണി അവന്യൂവിലാണ് ഹിന്ദു സംഹതി ചടങ്ങ് സംഘടിപ്പിച്ചത്. ഇത് അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. ഹൊസെയ്ന്‍ അലിയുടെ കുടുംബത്തെയാണ് മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത്. നിരവധി കുട്ടികള്‍ അടങ്ങുന്നതാണ് അലിയുടെ കുടുംബം. എന്തു കാരണത്താലാണ് ഇവരെ മതംമാറ്റുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് ഹിന്ദു സംഹതി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ചടങ്ങിനിടെ അലിയുടെ കുടുംബവുമായി ആശയവിനിമയം നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് ഹിന്ദു സംഹതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഹിന്ദു സംഹതിയുടെ സ്ഥാപക ദിനത്തിലാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചത്. 14 മുസ്ലീങ്ങളെ ഘര്‍ വാപ്പസി നടത്തിയതായി അറിയിച്ച സംഘടനയുടെ മേധാവി തപന്‍ ഘോഷ് , ഇനിയും ഇത്തരത്തിലുളള ചടങ്ങുകള്‍ പരസ്യമായി സംഘടിപ്പിക്കുമെന്ന് വെല്ലുവിളിച്ചു.  ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ തപന്‍ഘോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമുട്ടിയതില്‍ നിരാശപൂണ്ട ഹിന്ദുസംഹതി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. മതപരിവര്‍ത്തന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമ്മതാ ബാനര്‍ജി അപലപിച്ചു. കുറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു. വിഷയത്തില്‍ അകലം പാലിച്ച ബിജെപിയും ആക്രമണത്തെ അപലപിച്ചു.

2008 ല്‍ രൂപികൃതമായ ഹിന്ദു സംഹതി, 80 നിയമസഭ മണ്ഡലങ്ങളില്‍ സ്വാധീനമുളള സന്നദ്ധ സംഘടനയാണെന്ന് അവകാശപ്പെടുന്നു.