ജവാന്മാരുടെ വീരമൃത്യുവിനെ വര്‍ഗീയവത്കരിക്കരുത്; ഒവൈസിക്ക് സൈന്യത്തിന്റെ മറുപടി

കാശ്മീരിലെ സുഞ്ജ്‌വാന്‍ സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച  സൈനികരെ വര്‍ഗീയമായി ചിത്രീകരിച്ച അസദുദ്ദീന്‍ ഒവൈസിക്കെതിരെ സൈന്യം രംഗത്ത്.
ജവാന്മാരുടെ വീരമൃത്യുവിനെ വര്‍ഗീയവത്കരിക്കരുത്; ഒവൈസിക്ക് സൈന്യത്തിന്റെ മറുപടി

ന്യൂഡല്‍ഹി: കാശ്മീരിലെ സുഞ്ജ്‌വാന്‍ സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച  സൈനികരെ വര്‍ഗീയമായി ചിത്രീകരിച്ച അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ സൈന്യം രംഗത്ത്. സൈനികരുടെ മരണത്തെ വര്‍ഗീയവത്കരിക്കരുതെന്ന് കരസേന മുന്നറിയിപ്പ് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് സൈന്യത്തെ നന്നായി അറിയില്ലെന്നും വടക്കന്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍ബു ഓര്‍മ്മിപ്പിച്ചു.

ഭീകരാക്രമണത്തില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുമ്പോഴും അവരുടെ ദേശസ്‌നേഹത്തെ ചിലര്‍ ചോദ്യം ചെയ്യുന്നതായി അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി. സുഞ്ജ്‌വാന്‍ സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ മുസ്ലീം സൈനികരാണെന്ന് ചൂണ്ടികാണിച്ചായിരുന്നു ഒവൈസിയുടെ വിവാദ പരാമര്‍ശം.  ഇതിന് പിന്നാലെയാണ് മറുപടിയുമായി കരസേന രംഗത്തുവന്നത്.

ശത്രുക്കള്‍ നിരാശയിലാണ്,അതുകൊണ്ടാണ് അതിര്‍ത്തിയില്‍ രക്ഷയില്ലാതെ അവര്‍ സൈനിക ക്യാമ്പുകളെ ആക്രമിക്കുന്നതെന്ന് ദേവരാജ് അന്‍ബു വ്യക്തമാക്കി. യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഗൗരവമുളള വിഷയമാണ്. ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com