പീഡനത്തിന് പിന്നാലെ ശുദ്ധി വരുത്താന്‍ ബാലികയെ മൊട്ടയടിച്ചു; പിഴയടച്ച് യുവാവിനെ കുറ്റവിമുക്തനാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2018 08:44 AM  |  

Last Updated: 14th February 2018 08:44 AM  |   A+A-   |  

gangrape

 

ന്യൂഡല്‍ഹി:  ഛത്തീസ്ഗഡിലെ കാവറധ ജില്ലയില്‍ പീഡനത്തിന് ഇരയായ 12 വയസ്സുകാരിയെ 'ശുദ്ധി'വരുത്താന്‍ നാട്ടുകൂട്ടം നിര്‍ബന്ധിച്ച് തല മൊട്ടയടിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിഴയടച്ച് കുറ്റകൃത്യത്തില്‍നിന്ന് മോചിതനാകാനും അവസരം നല്‍കി. ഗ്രാമത്തലവന്റെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടിയുടെ കുടുംബത്തിന് മദ്യമടക്കം വിളമ്പിയുള്ള ശുദ്ധീകരണ ആഘോഷം സംഘടിപ്പിക്കേണ്ടിവന്നു.
  
ജനുവരി 21നാണ് അമ്മയോടൊപ്പം കെട്ടിടനിര്‍മാണസ്ഥലത്തു വച്ച് അര്‍ജുന്‍ യാദവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിനടുത്ത ദിവസം ചേര്‍ന്ന നാട്ടുകൂട്ടത്തില്‍ കുറ്റം സമ്മതിച്ച അര്‍ജുന്‍ യാദവിനെ പിഴയടച്ച് പോകാന്‍ അനുവദിച്ചു. ഫെബ്രുവരി നാലിന് ചേര്‍ന്ന ഗ്രാമത്തിലെ മുതിര്‍ന്നവരുടെ യോഗം പെണ്‍കുട്ടിക്ക് 'ശുദ്ധി'ച്ചടങ്ങ് വിധിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം മദ്യവും മാംസവുമടക്കം ആഘോഷപൂര്‍വം ചടങ്ങ് നടത്തണമെന്നും ഗ്രാമസഭ വിധിച്ചു.

 പ്രാദേശിക മാധ്യമങ്ങളാണ് സംഭവം പുറത്തെത്തിച്ചത്.  സ്വന്തമായി വീടില്ലാത്ത ദിവസ വേതനക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.