കോണ്‍ഗ്രസിനെക്കുറിച്ച് മിണ്ടാതെ സിപിഐ രാഷ്ട്രീയ പ്രമേയം; സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സഖ്യമോ ധാരണയോ ആകാം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 15th February 2018 04:37 PM  |  

Last Updated: 15th February 2018 05:28 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം. 23മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുള്ള രേഖയാണ് തയ്യാറായാരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാകും അടവു നയത്തിന്റെ ലക്ഷ്യമെന്ന് പ്രമേയത്തില്‍ പറയുന്നു. 

ദേശീയതലത്തില്‍ ഒരു പൊതുവായ അടവുനയവും പ്രായോഗികമല്ല. സംസ്ഥാനങ്ങളിലെ സാഹചഹര്യങ്ങള്‍ക്ക് അനുസരിച്ച് സഖ്യങ്ങളും ധാരണകളുമാകാം.ബിജെപി ഭരണം ഫാസിസത്തിന് വഴിയൊരുക്കുന്നതാണ്. മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ മതേതര ജനാധിപത്യ വേദി വേണം. 

ആര്‍എസ്എസിനും ഫാസിസത്തിനും എതിരെ വിശാല സഖ്യമോ കൂട്ടായ്മയോ ഉണ്ടാകണം. ഭരണ ഘടന ആക്രമണം നേരിടുകയാണ്. ആര്‍എസ്എസുകാര്‍ ഭരണത്തിന്റെ സുപ്രധാന പദവികള്‍ വഹിക്കുന്നുവെന്നും പ്രമേയം പറയുന്നു. 

കോണ്‍ഗ്രസ് അടക്കം പല പാര്‍ട്ടികളും രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ തീവ്രത മനസിലാക്കിയിട്ടില്ലെന്നും സിപിഐ പറയുന്നു. 

നേരത്തെ പുറത്തിറങ്ങിയ സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്നും ഇടത് ഐക്യം ശക്തിപ്പെടുത്തണം എന്നും പറഞ്ഞിരുന്നു. സിപിഐ അടക്കമുള്ള ഇടത് പാര്‍ട്ടികളുടെ നിലപാട് ഇടത് ഐക്യം കെട്ടിപ്പടുക്കതിന് വിപരീതമാണെന്നും സിപിഎം കരട് പ്രമേയത്തില്‍ വിമര്‍ശനം ഉണ്ട്.