സൊഹ്‌റാബുദീൻ വ്യാജ ഏറ്റുമുട്ടൽ : ഉന്നതർ മാത്രം കുറ്റവിമുക്തരായത് സംശയാസ്പദമെന്ന് മുൻ ജഡ്ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 10:16 AM  |  

Last Updated: 15th February 2018 10:16 AM  |   A+A-   |  


ന്യൂഡല്‍ഹി :  സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ ഉന്നതരായ പ്രതികളെ മാത്രം കുറ്റവിമുക്തരാക്കിയത് സംശയാസ്പദമാണെന്ന് റിട്ടയേഡ് ജസ്റ്റിസ് അഭയ് എം തിപ്‌സെ. സിബിഐ പ്രത്യേക കോടതിയാണ് അമിത് ഷാ അടക്കം കേസിലെ 15 പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണു ജസ്റ്റിസ് തിപ്‌സെ വ്യാജ ഏറ്റുമുട്ടല്‍ കേസ് സംബന്ധിച്ച നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. 

കേസില്‍ 38 പേരാണ് ആരോപണവിധേയരായിരുന്നത്. സംഭവസമയം ഗുജറാത്ത് ആഭ്യന്തരസഹമന്ത്രിയായിരുന്ന അമിത് ഷാ, രാജസ്ഥാന്‍ മുന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ, ഗുജറാത്ത് ഡിഐജി ഡി ജി വന്‍സാര, രാജസ്ഥാന്‍ എസ്പി എം എന്‍ ദിനേശ്, ഗുജറാത്ത് എസ്പി രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരുള്‍പ്പെടെ 15 പേരെയാണ് സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്. 30 സാക്ഷികളില്‍ 22 പേര്‍ കൂറുമാറി. ഈ വിധികള്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ അസാധാരണ കാര്യങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ജസ്റ്റിസ് തിപ്‌സെ പറഞ്ഞു.

അന്നത്തെ ഗുജറാത്ത് ഡിഐജി ഡി ജി വന്‍സാരയുടേത് ഉള്‍പ്പെടെ നാലുപേരുടെ ജാമ്യഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് തിപ്‌സെയാണ്. കേസിലെ പല നടപടികളും സംശയാസ്പദവും സാമാന്യ യുക്തിക്കു നിരക്കാത്തതുമാണെന്ന് തിപ്‌സെ പറഞ്ഞു. സൊഹ്‌റാബുദ്ദീനെ തട്ടിക്കൊണ്ടു പോയതാണെന്നും, ഗുജറാത്തിലെ ഫാംഹൗസില്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായും തെളിഞ്ഞിട്ടുണ്ട്. വന്‍സാര, ദിനേശ്, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നീ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിക്കൊണ്ടുപോകലില്‍ ബന്ധമില്ലെന്ന കണ്ടെത്തല്‍ അതിശയകരമാണ്. താഴെ റാങ്കിലുള്ള പൊലീസുകാര്‍ സൊഹ്‌റാബുദ്ദീനെ ഹൈദരാബാദില്‍ നിന്നും തട്ടിക്കൊണ്ട് വന്ന് തടങ്കലില്‍ പാര്‍പ്പിച്ചെന്ന വിലയിരുത്തല്‍ സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. 

റിട്ടയേഡ് ജസ്റ്റിസ് അഭയ് എം തിപ്‌സെ

വന്‍സാരെയ്ക്ക് ജാമ്യം നല്‍കിയത് താനാണ്. എന്നാല്‍ കേസിലെ കൂട്ടുപ്രതികളായ രാജ്കുമാര്‍ പാണ്ഡ്യനും ബി ആര്‍ ചൗബേയ്ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇതോടെ വന്‍സാരെയ്ക്ക് ജാമ്യം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായി. എന്നാല്‍ വന്‍സാരെയ്‌ക്കെതിരെ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന് വിധിയില്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കേസില്‍ തുടക്കത്തില്‍ വാദം കേട്ട ജഡ്ജി ജെ ടി ഉത്പടിനെ തിടുക്കപ്പെട്ട് സ്ഥലം മാറ്റിയത് ദുരൂഹമാണ്. 2012 ല്‍ മഹാരാഷ്ട്രയില്‍ നിന്ന് കേസ് ഗുജറാത്തിലേക്ക് മാറ്റുമ്പോള്‍, ഒരു ജഡ്ജി തന്നെ കേസ് കേട്ട് വിധി പുറപ്പെടുവിക്കാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഉത്പടിനെ തിടുക്കപ്പെട്ട് മാറ്റിയത് സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്റെ ലംഘനമാണ്. 

സിബിഐ പ്രത്യേക കോടതിയുടെ വിധിന്യായത്തിലെ പല വസ്തുതയും സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്.  നിർണായക തെളിവുകൾ പരിഗണിക്കാത്തതും സാക്ഷികൾ ഭീഷണിക്ക് വഴങ്ങി മൊഴിമാറ്റിപ്പറഞ്ഞതും ജഡ്ജിയെ തിടുക്കത്തിൽ സ്ഥലംമാറ്റിയതും ഉൾപ്പെടെ പരിഗണിച്ച് ബോംബെ ഹൈക്കോടതി സ്വമേധയാ കേസ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സൊഹ്‌റാബുദ്ദീന്‍ കേസിലെ വിധികള്‍ അവലോകനം ചെയ്തതെന്ന് ജസ്റ്റിസ് തിപ്‌സെ പറഞ്ഞു. 2017ൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ജസ്റ്റിസ് തിപ്സെ വിരമിക്കുന്നത്.