ട്രാഫിക് ലൈറ്റിലെ ചുവപ്പ് പോലെ സിപിഎം വികസനത്തിന് തടസം: ത്രിപുരയില്‍ ആഞ്ഞടിച്ച് മോദി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 09:17 PM  |  

Last Updated: 16th February 2018 10:43 AM  |   A+A-   |  

 

അഗര്‍ത്തല: ആസന്നമായ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 
സി.പി.എം സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണെന്ന്് മോദി കുറ്റപ്പെടുത്തി. ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.എമ്മിന് തുടര്‍ച്ചയായി 25 വര്‍ഷം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞതെന്നും മോദി പറഞ്ഞു. ത്രിപുര തിരഞ്ഞെടുപ്പിന്റെ ഭാഗമായി അഗര്‍ത്തലയില്‍ സംസ്ഥാനത്തെ രണ്ടാമത്തെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഡല്‍ഹിയില്‍ സുഹൃത്തുക്കളായ കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ പരസ്പരം തമ്മിലടിക്കുകയാണ്. ത്രിപുരയില്‍ വികസനം നടക്കുന്നുവെന്ന് ആരെങ്കിലും പറയുമോയെന്ന് മോദി ചോദിച്ചു. ''ട്രാഫിക് സിഗ്‌നലില്‍ ചുവന്ന ലൈറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സംസ്ഥാനത്ത് വികസനം ഇവിടുത്തെ സി.പി.എം തടസപ്പെടുത്തുകയാണ്. ആ ചുവപ്പ് മാറി പച്ചയിലേക്ക് മാറണമെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് കാവി ആവശ്യമാണ്'' മോദി പറഞ്ഞു.

ഇത് രണ്ടാമത്തെ തവണയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി സംസ്ഥാനത്ത് എത്തുന്നത്. ഫെബ്രുവരി എട്ടിന് സോനമുറയില്‍ നടന്ന റാലിയില്‍ അദ്ദേഹം സി.പിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.ത്രിപുരയില്‍ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കുന്നത്. മേഘാലയയിലും നാഗാലന്‍ഡിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.