പ്രിയ പ്രകാശിന് ഫത്വ: വ്യാജ ട്വീറ്റില്‍ അമളി പിണഞ്ഞ് ചാനല്‍, രാജീവ് ചന്ദ്രശേഖരനും പറ്റി അബദ്ധം

പ്രിയ വാര്യര്‍ക്ക് ഫത്വ ഏര്‍പ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് ടൈംസ് ഹൗ എന്ന വ്യാജ ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റിനെയാണ് ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ചര്‍ച്ചക്കായി തെരഞ്ഞെടുത്തത്
പ്രിയ പ്രകാശിന് ഫത്വ: വ്യാജ ട്വീറ്റില്‍ അമളി പിണഞ്ഞ് ചാനല്‍, രാജീവ് ചന്ദ്രശേഖരനും പറ്റി അബദ്ധം

പ്രിയ പ്രകാശിന്റെ സൈറ്റടിയും 'മാണിക്യ മലരായ...' എന്ന ഗാനവുമാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ന്യൂസ്. ദേശീയ മാധ്യമങ്ങള്‍ വരെ വലിയ പ്രാധാന്യത്തോടെയാണ് ഇത് ചര്‍ച്ചചെയ്യുന്നത്. ഇതിനേക്കാള്‍ ഒരു പടി കടന്ന് പാട്ടിനെക്കുറിച്ചുള്ള വ്യാജ ട്വീറ്റിനെ വരെ പ്രൈം ടൈമിലെ ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ് ഹിന്ദിയിലെ  ന്യൂസ് ചാനലുകളില്‍ ഒന്നായ ആജ് തക്ക്. പ്രിയ വാര്യര്‍ക്ക് ഫത്വ ഏര്‍പ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് ടൈംസ് ഹൗ എന്ന വ്യാജ ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റിനെയാണ് ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ചര്‍ച്ചക്കായി തെരഞ്ഞെടുത്തത്. 

പശ്ചിമ ബംഗാള്‍ മൈനോറിറ്റി യുണൈറ്റഡ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റായ മൗലാന അതിഫ് ഖദ്രി വിലക്കേര്‍പ്പെടുത്തിയതായാണ് ട്വീറ്റില്‍ പറഞ്ഞിരുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതിനാല്‍ പ്രിയക്കെതിരേ ഫത്വ ഏര്‍പ്പെടുത്തുന്നതായാണ് ട്വീറ്റ്. എന്നാല്‍ ഇത് ശരിയായ വാര്‍ത്തയാണെന്ന് ചിന്തിച്ചുകൊണ്ടാണ് ആജ് തക്ക് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള അവതാരിക അഞ്ചന ഓം കശ്യപിന്റെ വാക്കുകള്‍ തന്നെ ഇതിനുള്ള തെളിവാണ്. 

സര്‍ക്കാസം പേജായ ടൈംസ് ഹൗനെ ഒറ്റനോട്ടത്തില്‍ ടൈംസ് നൗവിന്റെ ട്വിറ്റര്‍ പേജായിട്ടേ തോന്നൂ.  ന്യൂസ് ചാനലിന്റെ ലോഗോയുടെ മാതൃകയിലാണ് ഇതിന്റേയും ലോഗോ. എന്നാല്‍ ഇതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് ആക്ഷേപഹാസ്യത്തിനുള്ള പേജാണെന്ന്. ഇത് ശ്രദ്ധിക്കാതെ യഥാര്‍ത്ഥ ന്യൂസാണെന്ന കരുതി ചര്‍ച്ച ചെയ്തതാണ് ആജ് തക്കിന് വിനയായത്.

ചാനല്‍ മാത്രമല്ല പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര്‍ ഈ ട്വീറ്റിന്റെ പേരില്‍ മുസ്ലീം സമുദായത്തെ വിമര്‍ശിച്ചുകൊണ്ട് അപഹാസ്യരായി. ഏഷ്യാനെറ്റ് ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖരനും അബന്ധം പറ്റി. ടൈസ് ഹൗവിന്റെ ട്വീറ്റിനെ ഷെയര്‍ ചെയ്തുകൊണ്ട് ഇഡിയറ്റ് എന്നാണ് അദ്ദേഹം കമന്റ് ചെയ്തത്.ചാനലിനേയും വിമര്‍ശകരേയും കണക്കിന് കളിയാക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com