ബലാത്സംഗ ഇരയ്ക്ക് നിങ്ങള്‍ 6500 രൂപയാണോ വിലയിടുന്നത്?; മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 08:33 PM  |  

Last Updated: 15th February 2018 08:37 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ബലാത്സംഗ ഇരയ്ക്ക്  നല്‍കുന്ന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് സുപ്രീംകോടതി. 'ഒരു ബലാത്സംഗ ഇരയ്ക്ക് നിങ്ങള്‍ 6500 രൂപയാണോ വിലയിടുന്നതെന്ന്'മധ്യപ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. നിര്‍ഭയ ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷം സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തിലാണ് മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍.

ബലാത്സംഗത്തിന് ഇരയായവര്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനം എന്ന നിലയിലാണോ ഇത്രയും തുച്ഛമായ തുക നല്‍കുന്നതെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയും അടങ്ങുന്ന രണ്ടംഗബെഞ്ച് ചോദിച്ചു. ബലാത്സംഗ
ത്തിന് ഇരയായവര്‍ക്ക്  6000 രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നതെന്ന് സത്യവാങ്മൂലം പറയുന്നതായി സുപ്രീംകോടതി ചൂണ്ടികാണിച്ചു. എങ്ങനെ ഇങ്ങനെ ചെയ്യാന്‍ കഴിയുന്നുവെന്നും സുപ്രീംകോടതി മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചു.

രേഖകള്‍ അനുസരിച്ച് സംസ്ഥാനത്ത് 1951 ബലാത്സംഗ ഇരകളാണുളളത്. ഇവര്‍ക്കെല്ലാം 6000 മുതല്‍ 6500 രൂപ വരെയാണ് നല്‍കുന്നത്. ഇത് അഭിനന്ദാര്‍ഹമാണോയെന്നും കോടതി ചോദിച്ചു. നിര്‍ഭയ ഫണ്ടില്‍ നിന്നും ഏറ്റവുംമധികം തുക അനുവദിച്ചത് മധ്യപ്രദേശ് സര്‍ക്കാരിനാണ്. എന്നാല്‍ വെറും ഒരു കോടി രൂപ മാത്രമാണ് ചെലവഴിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടുമെന്നും കോടതി പറഞ്ഞു. 

2012 ലെ ദില്ലി കൂട്ടബലാല്‍സംഗ കേസിനെ തുടര്‍ന്ന് 2013 ലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ഭയ ഫണ്ടിന് രൂപം നല്‍കിയത്. ജനുവരിയില്‍ നിര്‍ഭയ ഫണ്ടില്‍ നിന്നും ബലാത്സംഗത്തിന് ഇരയായവര്‍ക്ക് വിതരണം ചെയ്ത തുകയുടെ കണക്കുകള്‍ സത്യവാങ്മൂലമായി നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 24 സംസ്ഥാനങ്ങള്‍ ഇനിയും സത്യവാങ്മൂലം നല്‍കാനുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.