ഞങ്ങള്‍ ബിജെപിയെ പോലെ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കാറില്ല; ത്രിപുരയില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2018 09:05 PM  |  

Last Updated: 16th February 2018 09:05 PM  |   A+A-   |  

 


അഗര്‍ത്തല: നല്ല ഭരണം യാഥാര്‍ത്ഥ്യമാകാന്‍ ത്രിപുരയില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. ബിജെപിയെ അപേക്ഷിച്ച് തെറ്റായ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കാറില്ലെന്നും 
രാഹുല്‍ ഗാന്ധി പറഞ്ഞു. ത്രിപുരയില്‍  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ബിജെപിയും സിപിഎമ്മും വികസനത്തിന് ശ്രദ്ധ പതിപ്പിക്കുന്നില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ അംഗങ്ങള്‍ക്ക് പ്രതിദിനം 340 രൂപ കൂലിയായി നല്‍കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ ബിജെപി ഭരിക്കുന്ന തൊട്ടടുത്തെ സംസ്ഥാനത്ത് കൂലി 184 രൂപ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഏഴാംശമ്പള കമ്മീഷന്‍ ശുപാര്‍ശ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നാണ് ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം. സമാനമായ വാഗ്ദാനം നല്‍കിയ അസാമിന്റെ സ്ഥിതി എന്താണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.  അവിടെ
ഈ വാഗ്ദാനവും ബിജെപി പാലിച്ചില്ലെന്ന് രാഹുല്‍ ആരോപിച്ചു. ആരോഗ്യരംഗം  തകര്‍ന്ന ത്രിപുരയില്‍ ആത്മഹത്യനിരക്കും സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളും ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.