ത്രിപുരയില്‍ വിഘടനവാദികളുമായി മോദി സര്‍ക്കാര്‍ കൂട്ടുകച്ചവടം നടത്തുന്നു: മണിക് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2018 04:32 PM  |  

Last Updated: 16th February 2018 04:32 PM  |   A+A-   |  

 

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വിഘടനവാദികളുമായി കൂട്ടുകച്ചവടം നടത്തുന്നതായി ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുരയെ വിഭജിക്കാനുളള എല്ലാ ശ്രമങ്ങളെയും ജനങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും മണിക് സര്‍ക്കാര്‍ ആഞ്ഞടിച്ചു.  ഐഎഎന്‍എസിന് അനുവദിച്ച അഭിമുഖത്തിലാണ് മണിക് സര്‍ക്കാര്‍ മോദി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ത്രിപുരയില്‍ ബിജെപി ഗോത്രവിഭാഗ വിഘടനവാദ പാര്‍ട്ടിയായ ഐപിഎഫ്ടിയും ചേര്‍ന്ന് സിപിഎമ്മിനെതിരെ വിവിധ തലങ്ങളില്‍ ഗൂഡാലോചന നടത്തുകയാണ്. സംസ്ഥാനത്തെ റാഞ്ചാന്‍ പരുന്തിനെ പോലെ ജാഗരൂകരായി മോദി സര്‍ക്കാര്‍ കാത്തുനില്‍ക്കുകയാണെന്നും മണിക് സര്‍ക്കാര്‍ ആരോപിച്ചു. 

ത്രിപുരയില്‍ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുകയാണ് മോദി സര്‍ക്കാര്‍. ദേശീയ പാര്‍ട്ടിയായി കണക്കാക്കുന്ന ബിജെപിക്ക് കൃത്യമായ നയമില്ല. അല്ലായിരുന്നുവെങ്കില്‍ ഐപിഎഫ്ടിയുമായി ചങ്ങാത്തം സ്ഥാപിക്കില്ല. ഐപിഎഫ്ടി ഗോത്രജനതയുടെ ഭാവി തന്നെ തകര്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു.