യോഗിയുടെ ബജറ്റില്‍ മോദിയുടെ വാരണാസി പിന്നില്‍; കൂടുതല്‍ വിഹിതം ഗോരഖ്പൂരിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2018 06:18 PM  |  

Last Updated: 16th February 2018 06:18 PM  |   A+A-   |  

 

ലക്‌നൗ:   പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി മണ്ഡലത്തെ പിന്നിലാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ് പൂരിന് ഉത്തര്‍പ്രദേശ് ബജറ്റില്‍ മുന്തിയ പരിഗണന. വെളളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ കുറഞ്ഞത് നാല് വന്‍കിട പദ്ധതികളാണ് ഗോരഖ് പൂരിനായി പ്രഖ്യാപിച്ചത്. അതേസമയം മോദിയുടെ വാരാണസി മണ്ഡലത്തിന് ചുരുക്കം ചില പദ്ധതികള്‍ മാത്രമാണ് ലഭിച്ചത്.

പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ്‌വേയ്ക്ക് 1000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. നേരത്തെ ഗോരഖ്പൂരിനെ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ്‌വേയുമായി ബന്ധിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം ഏറ്റവുമധികം ഗുണം ചെയ്യുക ഗോരഖ്പൂരിനായിരിക്കും. ഇതിന് പുറമേ ഗോരഖ്പൂര്‍ ലിങ്ക് എക്‌സ്പ്രസ് വേയ്ക്ക് 500 കോടി രൂപ വകയിരുത്തിയതിന്റെ പ്രയോജനവും ഏറ്റവുമധികം ലഭിക്കുക യോഗിയുടെ സ്വന്തം ജില്ലയ്ക്കാണ്. 

ഗോരഖ്പൂര്‍ ഉള്‍പ്പടെ നാലുമെഡിക്കല്‍ കോളേജുകളുടെ നവീകരണത്തിനും ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിന് പുറമേ തീപൊളളല്‍ ചികിത്സയ്ക്കുളള വിദഗ്ധ യൂണിറ്റും, നവീന സൗകര്യമുളള ഓഡിറ്റോറിയവും ഗോരഖ്പൂരിനായി അനുവദിച്ചു. 14 കോടി രൂപ വിദഗ്ധ യൂണിറ്റിന് നീക്കിവെച്ചപ്പോള്‍ 29 കോടി രൂപയാണ് ഓഡിറ്റോറിയത്തിനായി ബജറ്റില്‍ അനുവദിച്ചത്.

അതേസമയം ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പരമ്പരാഗത വീട് മ്യൂസിയമാക്കി മാറ്റുമെന്ന പ്രഖ്യാപനം മാത്രമാണ് മോദിയുടെ വാരാണാസി മണ്ഡലത്തിന് ലഭിച്ച ചുരുക്കം പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്ന്.
 

TAGS
modi yogi