കാവേരിയില്‍ തമിഴ്‌നാടിന് തിരിച്ചടി, കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് സുപ്രീംകോടതി ; കേരളത്തിനും അധിക ജലമില്ല

നദികള്‍ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും, ഒരു സംസ്ഥാനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതല്ലെന്നും സുപ്രീംകോടതി
കാവേരിയില്‍ തമിഴ്‌നാടിന് തിരിച്ചടി, കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് സുപ്രീംകോടതി ; കേരളത്തിനും അധിക ജലമില്ല


ന്യൂഡല്‍ഹി : കാവേരിയില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കണമെന്ന് സുപ്രീംകോടതി. കാവേരി ട്രീബ്യൂണല്‍ വിധി പരിഷ്‌കരിച്ചുകൊണ്ടാണ് നദീജലം നല്‍കുന്നതില്‍ കോടതി വിധി പുറപ്പെടുവിച്ചത്. നേരത്തെ തമിഴ്‌നാടിന് 192 ടിഎംസി ജലം വിട്ടുനല്‍കണമെന്നായിരുന്നു ട്രീബ്യൂണല്‍ വിധിച്ചത്. എന്നാല്‍ അതില്‍ അതില്‍ സുപ്രീംകോടതി കുറവ് വരുത്തി. 177.27 ടിഎംസി ജലം തമിഴ്‌നാടിന് വിട്ടുനല്‍കിയാല്‍ മതിയെന്നാണ് വിധി. 

അധിക ജലമായ 14.75 ടിഎംസി ജലം കര്‍ണാടകത്തിന് നല്‍കണം. 4.75 ടിഎംസി വെള്ളം കുടിവെള്ള ആവശ്യത്തിന് വേണമെന്ന കര്‍ണാടകയുടെ ആവശ്യം കണക്കിലെടുത്താണ് സുപ്രീംകോടതി വിധി. കൂടുതല്‍ ജലം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. നദികള്‍ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും, ഒരു സംസ്ഥാനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതല്ലെന്നും കോടതി വ്യക്തമാക്കി. 

കോടതി വിധിയോടെ കര്‍ണാടകത്തിന്റെ ജല വിഹിതം 284.25 ഘനഅടിയായി ഉയര്‍ന്നു. അതേസമയം കേരളത്തിനും പുതുച്ചേരിക്കും അധികജലമില്ല. നിലവിലുള്ള അളവില്‍ ജലം തുടര്‍ന്നും ലഭിക്കും. നദീജലം പങ്കിടുന്നതിനായി കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യുണല്‍ വിധിക്കെതിരെ കേരളം, തമിഴ്‌നാട്, കര്‍ണാടകം, പുതുച്ചേരി എന്നി സംസ്ഥാനങ്ങളാണ് അപ്പീല്‍ നല്‍കിയത്. കാവേരിയില്‍ നിന്ന് കര്‍ണ്ണാടകം സെക്കന്റില്‍ രണ്ടായിരം ഘനയടി വെള്ളം ദിനം പ്രതി തമിഴ്‌നാടിന് വിട്ടുനല്‍കണമെന്നു സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

കാവേരി നദിയിലെ ജലം കേരളം തമിഴ്‌നാട് കര്‍ണാടക പുതുച്ചേരി എന്നിവര്‍ക്കായി വീതിച്ച് 2007 ലാണ് കാവേരി ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം തമിഴ്‌നാടിനു 419 ടിഎംസി, കര്‍ണാടകത്തിനു 270  ടിഎംസി, കേരളം 30  ടിഎംസി, പുതുച്ചേരി 7  ടിഎംസി എന്നിങ്ങനെയാണ് വെള്ളം ലഭിക്കുക. കടുത്ത ജലക്ഷാമം നേരിടുന്നതിനാല്‍ 419  ടിഎംസി പര്യാപ്തമാല്ല എന്നാണ് തമിഴ്‌നാടിന്റെ വാദം.

അതേസമയം ജല ലഭ്യത കണക്കിലെടുക്കാതെ ആണ് വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിച്ചതെന്നും, അതിനാല്‍ ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു കര്‍ണാടക സുപ്രീംകോടതിയില്‍ വാദിച്ചത്. ജലം പങ്കിടാനായി 1924 ല്‍ ഉണ്ടാക്കിയ കരാര്‍ 1974 ല്‍ അവസാനിച്ചു. അതിനാല്‍ ആവശ്യം കഴിഞ്ഞുള്ള വെള്ളം മാത്രമേ പങ്കിടാനാവു എന്നും കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കി. 

99 ദശാംശം 8  ടിഎംസി വെള്ളം ലഭിക്കണമെന്നാണ് കേരളം ആവശ്യമുന്നയിച്ചത്. നിലവില്‍ അനുവദിച്ചിട്ടുള്ള 30 ടിഎംസി ജലം പോലും കര്‍ണാടകം നല്‍കുന്നില്ല. 5 ടിഎംസി മാത്രമാണ് ലഭിക്കുന്നത്. കിഴക്കോട്ട് ഒഴുകുന്ന കബനിയെ ദിശ മാറ്റി പടിഞ്ഞാറോട്ട് ഒഴുക്കി വെള്ളം എടുക്കാനുള്ള അനുമതിയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വെള്ളം ഉപയോഗപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ അനുമതി നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ കര്‍ണാടക സുരക്ഷ ശക്തമാക്കി. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുടെ സുരക്ഷയും കൂട്ടി. കോടതി വിധി വരുന്നതോടെ, കാവേരി നദീജല തര്‍ക്കം വീണ്ടും രൂക്ഷമായേക്കുമെന്നും ആശങ്കയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com