ത്രിപുര തെരഞ്ഞെടുപ്പില്‍ സിപിഎം അപവാദ പ്രചരണം നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി 

ത്രിപുര തെരഞ്ഞെടുപ്പില്‍ സിപിഎം അപവാദ പ്രചരണം നടത്തുന്നുവെന്ന് ബിജെപി
ത്രിപുര തെരഞ്ഞെടുപ്പില്‍ സിപിഎം അപവാദ പ്രചരണം നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി 

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ സിപിഎം അപവാദ പ്രചരണം നടത്തുന്നുവെന്ന് ബിജെപി. ഇതിനെ തടയാന്‍ പൊലീസും മറ്റു ബന്ധപ്പെട്ടവരും ജാഗ്രത പുലര്‍ത്തുന്നതായി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി.
 
മുന്‍കാല തെരഞ്ഞെടുപ്പ് ചരിത്രം കണക്കിലെടുത്താല്‍ ത്രിപുരയില്‍ സിപിഎം വ്യാപകമായ തോതില്‍ വോട്ടുതിരിമറി നടത്തിയതായി ബിജെപി വാദിക്കുന്നു. ഇതിന് പുറമേ അപവാദ പ്രചരണവും നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ബിജെപി നിവേദനത്തില്‍ ആരോപിക്കുന്നു. വോട്ടര്‍മാരെ ഭയപ്പെടുത്തിയും അക്രമം അഴിച്ചുവിട്ടും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പോളിങ് ബൂത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വഴി തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാന്‍ ഇടതുപ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതായുളള കിംവദന്തികള്‍ പ്രചരിക്കുന്നതായി ബിജെപി ആരോപിക്കുന്നു.ബിജെപിക്ക് വോട്ട് ചെയ്താല്‍ ഉച്ചത്തിലുളള ശബ്ദം പുറത്തുവരുന്ന നിലയില്‍  ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ക്രമീകരിച്ചിരിക്കുന്നതായാണ് മറ്റൊരു അപവാദ പ്രചാരണം. ഇത്തരം കാര്യങ്ങള്‍ ഗൗരവമായെടുത്ത് ശക്തമായ നടപടികള്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

തെരഞ്ഞടുപ്പ് നടക്കുന്ന മേഘാലയില്‍ ഡിജിപിയും മറ്റു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും നിലവിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുള്‍ സാംഗ്മക്ക് വേണ്ടി പ്രചരണം നടത്തുന്നതായും ബിജെപി നിവേദനത്തില്‍ ആരോപിക്കുന്നു. 

സമാധാനപൂര്‍ണവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കാന്‍ എട്ട് നിര്‍ദേശങ്ങളും ബിജെപി നിവേദനത്തില്‍ മുന്നോട്ടുവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് പുറമേ പൊതുനിരീക്ഷകരുമായും പൊലീസ് നിരീക്ഷകരുമായും കൂടിയാലോചന നടത്തിയശേഷം മാത്രമേ കേന്ദ്രസേനയെ വിന്യസിക്കുന്നുളളുവെന്ന്് ഉറപ്പുവരുത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ക്യാമറ നിരീക്ഷണം സിപിഎം തടസ്സപ്പെടുത്തുമെന്നുളള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് 
തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തണമെന്നും ബിജെപി നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com