നീരവ് മോദി സ്വിറ്റ്‌സര്‍ലാന്റിലല്ല; ന്യൂയോര്‍ക്കിലെന്ന് സൂചന

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 16th February 2018 10:15 AM  |  

Last Updated: 16th February 2018 10:15 AM  |   A+A-   |  

 

ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപയുടെ തട്ടിപ്പു നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യവസായി നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് സൂചന. നേരത്തെ ഇയ്യാള്‍ സ്വിറ്റ്‌സര്‍ലാന്റിലേക്ക് കടന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ന്യൂയോര്‍ക്ക് മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസ്എക്‌സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

അപ്പാര്‍ട്‌മെന്റിന്റെ 36-ാം നിലയിലാണ് നീരവിന്റെ സ്യൂട്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമപ്രതിനിധികള്‍ അവിടെ ചെന്നെങ്കിലും നീരവിനെയോ ഭാര്യ അമിയെയോ കാണാന്‍ സാധിച്ചില്ല. കുട്ടികള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പിഎന്‍ബിയില്‍ നടന്ന തട്ടിപ്പു പുറത്തുവന്ന ബുധനാഴ്ച അപ്പാര്‍ട്‌മെന്റിലേക്ക് ഒട്ടേറെ ആളുകള്‍ വന്നും പോയുമിരിക്കുകയായിരുന്നുവെന്നാണു വിവരം. നീരവ് മോദിയും ഭാര്യയും ബുധനാഴ്ച പലതവണ കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കും പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ക്കൊപ്പം നീരവിന്റെ സ്യൂട്ടിന്റെ ചിത്രവും എന്‍ടിവി പുറത്തുവിട്ടിട്ടുണ്ട്. 

പഞ്ചാബ് നാഷ്ണല്‍ ബാങ്കിലെ മുംബൈയിലെ ബ്രാഞ്ചു വഴിയാണ് നീരവ് മോദി കോടികളുടെ തട്ടിപ്പ് നടത്തിയത്. പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ രാജ്യം വിടുകയായിരുന്നു.