നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ഒരു മാസത്തേക്ക് റദ്ദാക്കി

വജ്രവ്യവസായി നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. ഒരുമാസത്തേക്കാണ് വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് മരവിപ്പിച്ചത്
നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ഒരു മാസത്തേക്ക് റദ്ദാക്കി

ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പു നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യവസായി നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. ഒരുമാസത്തേക്കാണ് വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് മരവിപ്പിച്ചത്. 
നേരത്തെ  നീരവ് മോദിയുടെ 5100 കോടിയുടെ സ്വത്ത് പിടിച്ചെടുക്കുകയും 3.9 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി രേഖകളും ബില്ലുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെ മോദിയെ കണ്ടെത്തുന്നതിനായി സിബിഐ ഇന്റെര്‍ പോളിന്റെ സഹായം തേടി. നിലവില്‍ നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്നാണ് സൂചന

ജനുവരി 28 നാണ് തട്ടിപ്പിന്നെക്കുറിച്ച് ബാങ്ക് പരാതി നല്‍കിയത് . ജനുവരി 31 നു സിബിഐ കേസെടുത്തു. എന്നാല്‍ ജനുവരി ഒന്നിനു തന്നെ നീരവും കുടുംബവും ഇന്ത്യവിട്ടിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ഭാര്യ അമിയും ബിസിനസ് പങ്കാളിയായ മെഹുല്‍ ചോസ്‌കിയും ജനുവരി ആറിനു രാജ്യം വിട്ടു.

നീരവിന്റെ തട്ടിപ്പിനു കൂട്ടു നിന്നെന്ന് സംശയിക്കുന്ന രണ്ട് ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി . വിരമിച്ച ഉദ്യോഗസ്ഥരായ ഗോകുല്‍ നാഥ് ഷെട്ടി , മനോജ് കാരാട്ട് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത് . കള്ളപ്പണ നിരോധന നിയമമനുസരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരിക്കുന്നത്.

2011 മുതല്‍ നീരവ് തട്ടിപ്പ് തുടങ്ങിയിരുന്നു എന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരം. പുതിയ വായ്പക്കായി നീരവ് ബാങ്കിനെ സമീപിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. വിദേശത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനുള്ള ജാമ്യച്ചീട്ടിനായി നീരവ് ബാങ്കിനെ സമീപിച്ചപ്പോഴേക്കും പഴയ ഉദ്യോഗസ്ഥര്‍ വിരമിച്ചിരുന്നു. ജാമ്യച്ചീട്ടിനു ഉദ്യോഗസ്ഥര്‍ ഈട് ആവശ്യപ്പെട്ടതോടെ നേരത്തെ ഈടില്ലാതെ ചീട്ട് നല്‍കിയിരുന്നല്ലോ എന്ന് നീരവ് മറുപടി നല്‍കി.

ഇതിനെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ബാങ്കില്‍ നിന്ന് 2011 മുതല്‍ ഈടില്ലാതെ ജാമ്യച്ചീട്ട് നല്‍കിയിരുന്നുവെന്ന് മനസ്സിലായത് . വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ കോടികള്‍ വായ്പയെടുക്കാന്‍ സൗകര്യം ലഭിക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടന്നത് .

നീരവ് മോദിക്ക് നല്‍കിയ വായ്പകളെപ്പറ്റി വിശദവിവരങ്ങള്‍ നല്‍കാന്‍ എല്ലാ ബാങ്കുകളോടും കേന്ദ്രധനകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com