പിഎന്‍ബി വായ്പാ തട്ടിപ്പ്: പിഎംഒയ്ക്കു പരാതി ലഭിച്ചത് 2016ല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2018 12:43 PM  |  

Last Updated: 16th February 2018 12:43 PM  |   A+A-   |  

pnb-scam

 

ബംഗളൂരു: പഞ്ചാബ് നാഷനല്‍ ബാങ്കിനെ വന്‍ വായ്പാ തട്ടിപ്പില്‍ കുടുക്കിയ നിരവ് മോദി ഉള്‍പ്പെട്ട സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 2016ല്‍ തന്നെ പ്രധാനമന്ത്രിക്കു വിവരം നല്‍കിയിരുന്നെന്ന് വെളിപ്പെടുത്തല്‍. നിരവിനൊപ്പം വായ്പാ തട്ടിപ്പില്‍ പ്രതിസ്ഥാനത്തുള്ള അമ്മാവന്‍ മെഹല്‍ ചോക്‌സിയെക്കുറിച്ച് വിശദമായ പരാതി പ്രധാനമന്ത്രിയുടെ ഓഫിസിനു നല്‍കിയിരുന്നെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ പരാതിയില്‍ പിഎംഒ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ വന്‍ വായ്പാതട്ടിപ്പില്‍ എത്തിയത്.

ചോക്‌സിയുടെ വജ്രവ്യാപാര ശൃംഖലയായ ഗിതാഞ്ജലി ജെംസിന്റെ ബംഗളൂരുവിലെ ഫ്രാഞ്ചൈസിയെടുത്ത ഹരിപ്രസാദാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പതിമൂന്നു കോടി രൂപയാണ് തന്റെ പക്കല്‍നിന്ന് ചോക്‌സി തട്ടിയെടുത്തത്. ഇക്കാര്യം ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ പണം നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ ചോക്‌സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കാനായത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സെബിക്കുമാണ് ആദ്യം പരാതി നല്‍കിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനാല്‍ കാര്യങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിനു പരാതി നല്‍കിയെന്ന് ഹരിപ്രസാദ് പറയുന്നു.

വ്യാജ കമ്പനികള്‍ രൂപീകരിച്ച് കോടികളുടെ പണം തട്ടിപ്പു നടത്തുകയാണ് ചോക്‌സിയും ഗിതാഞ്ജലി ജെംസും ചെയ്യുന്നതെന്നാണ് ഹരിപ്രസാദ് പിഎംഒയ്ക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഫ്രാഞ്ചൈസികളുടെ പേരില്‍ തട്ടിപ്പിന് ഇരയായ നിരവധി പേരുടെ രേഖകള്‍ സഹിതമുള്ള വിവരങ്ങള്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു.  25-30 കോടി രൂപയുെട ആസ്തി മാത്രമുള്ള ചോക്‌സിയുടെ കമ്പനി 9872 കോടി രൂപയുടെ വായ്പ ബാങ്കുകളെ കബളിപ്പിച്ച് നേടിയതിന്റെ വിവരങ്ങളും പരാതിയിലുണ്ട്. വായ്പ നല്‍കിയ 31 ബാങ്കുകളുടെ പേരുവിവരങ്ങള്‍ ഹരിപ്രസാദ് നല്‍കിയിരുന്നു. 2006 മുതല്‍ ആദായ നികുതി നല്‍കാതെയാണ് ചോക്‌സിയുടെ പ്രവര്‍ത്തനങ്ങളെല്ലാം പരാതിയില്‍ വിശദീകരിച്ചു. വിജയ് മല്യ നാടു വിട്ടതിനു സമാനമായ രീതിയില്‍ ചോക്‌സി രാജ്യം വിടാനിടയുണ്ടെന്നും അതിനു മുമ്പായി നടപടികളിലേക്കു കടക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതി കമ്പനി രജിസ്ട്രാര്‍ക്ക് അയച്ചുകൊടുക്കുകയല്ലാതെ, ഗുരുതരമായ ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് നടപടിയൊന്നുമുണ്ടായില്ല. പരാതിയില്‍ അന്വേഷണം നടത്തി തീര്‍പ്പാക്കിയെന്ന മറുപടിയാണ് രജിസ്ട്രാര്‍ ഒഫ് കമ്പനീസില്‍നിന്ന് ലഭിച്ചതെന്ന ഹരിപ്രസാദ് പറഞ്ഞു. അതേസമയം ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടുണ്ടോ എന്നു പറയാനാവില്ലെന്നാണ് സിബിഐയുടെ പ്രതികരണം.

ക്രമക്കേടുകള്‍ കണ്ടെത്തിയ പിഎന്‍ബി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനുവരി 29ന് പിഎന്‍ബി നല്‍കിയ പരാതിയില്‍ 31നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 280 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആദ്യത്തെ കേസ്. മറ്റു രണ്ടു പരാതികളില്‍ നടപടിയെടുത്തുവരികയാണ് സിബിഐ. എന്നാല്‍ പിഎന്‍ബി പരാതി നല്‍കുന്നതിനും സിബിഐ കേസെടുക്കുന്നതിനും തൊട്ടുമുമ്പായി, ജനുവരി ആദ്യ വാരത്തിലാണ് നീരവ് മോദി കുടുംബത്തോടൊപ്പം രാജ്യംവിട്ടത്. പരാതിയെക്കുറിച്ചും അന്വേഷത്തെക്കുറിച്ചും മോദിക്കു നേരത്തെ വിവരം ലഭിച്ചെന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്.