നീരവിനെ സംരക്ഷിക്കുന്നത് നരേന്ദ്രമോദിയും കൂട്ടരും: യെച്ചൂരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2018 06:09 PM  |  

Last Updated: 17th February 2018 06:09 PM  |   A+A-   |  

 

ന്യൂഡല്‍ഹി :  രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണം നരേന്ദ്ര മോദിയുടെ ഭരണത്തണലിലാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .തട്ടിപ്പ് നടത്തിയ നീരവ് മോദിയെ കേന്ദ്രമന്ത്രിമാരാണ് സംരക്ഷിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

നീരവ് മോഡി  വായ്പയെടുത്ത 11, 400 കോടിരൂപക്ക് ബാങ്കുകള്‍ക്ക് നല്‍കിയ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍സ്റ്റാന്ഡിങ് നല്‍കിയതും പുതുക്കിയതും 2017-18 കാലത്താണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്  തട്ടിപ്പിന് സഹായം ലഭിച്ചതെന്ന് വ്യക്തമാണ്.

നീരവ് മോദിക്കൊപ്പം തട്ടിപ്പില്‍ പങ്കുള്ള  മാതൃസഹോദരന്‍ മേഹുല്‍ ചോസ്‌കിക്കെതിരെ ഇന്നലെ  സിബിഐ കേസെടുത്തിരുന്നു. മേഹുലിന്റെ കമ്പനിക്കെതിരെ 2016ല്‍ രേഖാമൂലം പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല .സര്‍ക്കാരിന്റെ ഇത്തരം നടപടികളാണ് പി എന്‍ ബി  കുംഭകോണത്തിലേക്ക് നയിച്ചത് .

ദാവോസില്‍ നടന്ന സാമ്പത്തിക ഉച്ചകോടിക്കിടയിലും മോദിയെ മേഹുല്‍ സന്ദര്‍ശിച്ചിരുന്നു.  മോദിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയില്‍ മെഹ്‌ലുമുണ്ട്. ഇതു പുറത്തുവന്നിട്ടും  മോദി പ്രതികരിച്ചിട്ടില്ലെന്നും യെച്ചുരി പറഞ്ഞു.