നീരവ് മോദിയുടെ തട്ടിപ്പില്‍ രാഹുലിന്റെ പങ്കെന്ത്?; അഴിമതി പുറത്തുവന്നത് എന്‍ഡിഎ സര്‍ക്കാരിന്റെ ജാഗ്രത കൊണ്ടെന്ന് കേന്ദ്രമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 17th February 2018 08:12 AM  |  

Last Updated: 17th February 2018 08:12 AM  |   A+A-   |  

 

ന്യൂഡല്‍ഹി: നീരവ് മോദി കോടികളുടെ കുംഭകോണം നടത്തിയത് യുപിഎ ഭരണത്തിലാണെന്നും അതില്‍ രാഹുല്‍ ഗാന്ധിയുടെ പങ്കെന്തെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. നീരവിന്റെ ആഭരണപ്രദര്‍ശനവേദി രാഹുല്‍ സന്ദര്‍ശിച്ചതിനു തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അലഹാബാദ് ബാങ്ക് വഴിവിട്ട് വായ്പ നല്‍കിയത്. 2013ലാണ് അലഹാബാദ് ബാങ്ക് നീരവ് മോദിയുടെ ഗീതാഞ്ജലി ജെംസിന് 1550 കോടിയുടെ വായ്പ നല്‍കിയത്. ക്രമം പാലിക്കാതെ വായ്പ നല്‍കുന്നതില്‍ ബാങ്ക് ഡയറക്ടറായിരുന്ന ദിനേശ് ദുബൈ വിയോജിപ്പ് രേഖപ്പെടുത്തി. കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് ദുബൈ പരാതി നല്‍കി. പരാതി അന്വേഷിക്കുന്നതിനു പകരം ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെയ്ക്കാനാണ് ധനകാര്യ സെക്രട്ടറി ദുബൈയോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ആവശ്യപ്പെടാന്‍ ധനകാര്യ സെക്രട്ടറിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതാരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം, അദ്ദഹം പറഞ്ഞു. 

എന്‍ഡിഎ സര്‍ക്കാരിന്റെ ജാഗ്രത കൊണ്ടാണ് ഈ അഴിമതി പുറത്തുവന്നതെന്ന് ജാവഡേക്കര്‍ അവകാശപ്പെട്ടു. കുംഭകോണവുമായി സര്‍ക്കാരിന് ബന്ധമില്ല. ബാങ്ക് സംവിധാനത്തിനാണ് ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു.

പാഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി വിദേശത്ത് കടനന് നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് വലിയ പ്രചാരണം നടത്തിയിരുന്നു.